മലയോര മനുഷ്യരെ വിധിക്ക് വിട്ടു കൊടുക്കുകയാണ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെ സതീശൻ കുറ്റപ്പെടുത്തി. കേരളത്തിലെ വന്യജീവി ആക്രമണം ഭീകരമാണെന്നും വന്യജീവികളെ നേരിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സതീശൻ പറഞ്ഞു.
വിഷയത്തിൽ കേന്ദ്ര സർക്കാരും ഇടപെടണം. സർക്കാർ നൽകുന്നത് തുച്ഛമായ നഷ്ട പരിഹാരമാണ്. വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്നും വിഡി സതീശൻ പറഞ്ഞു. ഇതോടനുബന്ധിച്ച് മലയോര സമര യാത്ര നാളെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നരഭോജി കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ തുടങ്ങി.
കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാൻ ഉത്തരവ് നൽകിയെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഇതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കും. ചെയ്യാവുന്നതിന്റെ പരമാവധി സർക്കാർ ചെയ്യുമെന്നും ധനസഹായം ഉൾപ്പെടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നൽകുമെന്നും മന്ത്രി കൂട്ടിചേർത്തു.