വാവ സുരേഷിന്റെ പാമ്പുപിടുത്ത രീതി അംഗീകരിക്കാനാവില്ല, എതിര്‍പ്പുമായി വനംവകുപ്പ്

വാവ സുരേഷിന്റെ പാമ്പുപിടിത്ത രീതി അംഗീകരിക്കുവാന്‍ കഴിയില്ലെന്നു വനം വകുപ്പ് അധികൃതര്‍. സുരേഷിനെ അനുകരിച്ചാണ് പലരും പാമ്പ് പിടിക്കുന്നതെന്നും അതിനാല്‍ ഈ രീതി കര്‍ശനമായി നിയന്ത്രിക്കുമെന്നും കോട്ടയത്തെ വനം വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ദീപികയോടു പറഞ്ഞു.

വേണ്ട മുന്‍കരുതല്‍ ഇല്ലാതെയാണ് വാവ സുരേഷും അദ്ദേഹത്തെ അനുകരിക്കുന്നവരും പാമ്പിനെ പിടിക്കുന്നത്. പാമ്പ് പിടിക്കാനായി പ്രത്യേക ഹുക്കും ബാഗും നല്‍കാറുണ്ട്. പാമ്പിനെ പിടികൂടിക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ ബാഗിനുള്ളില്‍ ആക്കണം. പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.

എന്നാല്‍, വാവ സുരേഷ് പാമ്പിനെ പിടിച്ചു കഴിഞ്ഞാല്‍ പൊതു ജനങ്ങള്‍ക്കു മുമ്പാകെ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ദിവസം കുറിച്ചിയില്‍ സംഭവിച്ചതും ഇതു തന്നെയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നു ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read more

അതേസമയം, ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്‍ തന്നെ ദ്രോഹിക്കുന്നുവെന്ന ആരോപണവുമായി വാവ സുരേഷ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം, ഡിസ്ചാര്‍ജ് ആയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താന്‍ സുരേഷ് തയ്യാറായില്ല.