വന്ദേ ഭാരത് ട്രയല്‍ റണ്‍: ട്രെയിന്‍ എറണാകുളത്ത് എത്തി, എടുത്തത് മൂന്ന് മണിക്കൂര്‍ 18 മിനിറ്റ്

വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ 8.28 എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തി. 3 മണിക്കൂര്‍ 18 മിനിറ്റിലാണ് ട്രെയിന്‍ തിരുവന്തപുരത്തുനിന്നും എറണാകുളത്ത് എത്തിയത്.

ട്രെയിന്‍ കണ്ണൂര്‍ വരെ പരീക്ഷണ ഓട്ടം നടത്തും. രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും വിധമാണ് പരീക്ഷണ ഓട്ടം. തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ട്രെയിനിലുണ്ട്. ഏഴ് മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 നാണ് കണ്ണൂരില്‍ എത്തേണ്ട സമയം.

ഉച്ചയ്ക്ക് 12.20 ഓടെ കണ്ണൂരില്‍ നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിന്‍ ഏഴ് മണിക്കൂറിന് ശേഷം തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്. അതേസമയം ട്രെയിനിന്റെ ഷെഡ്യൂളും റെയില്‍വെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകള്‍ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.