വി.ശിവൻകുട്ടി നിയമസഭയിൽ കാണിച്ച പേക്കൂത്തുകളുടെ പേരിൽ മാപ്പുപറഞ്ഞ് രാജി വെയ്ക്കണം: കെ.കെ രമ

ജനപ്രതിനിധിയെന്ന പദവിയുടെ അന്തസ്സും സഭയുടെ മഹത്വവും മറന്ന് നിയമസഭയിൽ കാണിച്ച പേക്കൂത്തുകളുടെ പേരിൽ ജനങ്ങളോട് നിരുപാധികം മാപ്പുപറഞ്ഞ് മന്ത്രി വി.ശിവൻകുട്ടി രാജിവെച്ചൊഴിയണമെന്ന് എം.എൽ.എ കെ.കെ രമ. സംസ്ഥാനത്തെ പരമോന്നത ജനാധിപത്യസഭയ്ക്ക് ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ തീരാക്കളങ്കമേൽപ്പിച്ച പ്രതികളെ ഭരണസ്വാധീനമുപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ച സംസ്ഥാന സർക്കാർ തീർച്ചയായും തങ്ങൾ ചെയ്ത ഗുരുതരമായ തെറ്റ് ഈ നാടിനോട് ഏറ്റുപറഞ്ഞേ തീരൂ എന്നും കെ.കെ രമ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ലാവ്‌ലിൻ കേസിൽ കുറ്റവിമുക്തനാവാതെ തന്നെ മുഖ്യമന്ത്രിപദത്തിൽ തുടരുന്ന മുഖ്യമന്ത്രിക്ക് ഇതര കേസുകളിൽ പ്രതികളാവുകയും വിചാരണ നേരിടുകയും ചെയ്യുന്ന സഹമന്ത്രിമാരെ സംരക്ഷിക്കുകയേ നിവൃത്തിയുള്ളു എന്നത് സ്വാഭാവികമാണെന്നും കെ.കെ രമ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ഇന്ന് പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.

ഒരു പരിഷ്കൃത ജനാധിപത്യ സമൂഹമെന്ന നിലയിൽ
കേരള ജനതയെ ലോകത്തിനു മുന്നിൽ നാണം കെടുത്തി എൽഡിഎഫ് എംഎൽഎ-മാർ നിയമസഭയിൽ കാണിച്ച അഴിഞ്ഞാട്ടത്തിൻറെയും അക്രമങ്ങളുടെയും പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ നിന്ന് വിടുതൽതേടി സുപ്രീം കോടതിയിൽ സർക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് പരമോന്നത നീതിപീഠം നടത്തിയ രൂക്ഷവിമർശനത്തിൻറെ പശ്ചാത്തലത്തിലായിരുന്നു ഇന്നത്തെ പ്രതിപക്ഷ പ്രതിഷേധം.

നാടിന്റെ ജനാധിപത്യ ക്രമത്തിന് അപമാനകരമാവും വിധം ക്രിമിനൽ അഴിഞ്ഞാട്ടം നടത്തി, പൊതുമുതൽ തകർത്ത നടപടിയിൽ പ്രതികളായ എംഎൽഎ-മാർ വിചാരണ നേരിടുകതന്നെ വേണമെന്നും, എം.എൽ.എ മാരുടെ അവകാശമെന്നത് എന്ത് അതിക്രമവും കാട്ടുന്നതിനുള്ള നിരുപാധിക പരിരക്ഷയല്ലെന്നും തന്നെയാണ് ബഹുമാനപ്പെട്ട സുപ്രീംകോതി നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നത്. അന്നത്തെ പരാക്രമത്തിൽ പങ്കാളികളായവരിൽ പ്രധാനിയായ വി.ശിവൻകുട്ടി ഇന്ന് സംസ്ഥാനം ഭരിക്കുന്ന മന്ത്രിയാണ്. ജനപ്രതിനിധിയെന്ന പദവിയുടെ അന്തസ്സും സഭയുടെ മഹത്വവും മറന്ന് നിയമസഭയിൽ കാണിച്ച പേക്കൂത്തുകളുടെ പേരിൽ ജനങ്ങളോട് നിരുപാധികം മാപ്പുപറഞ്ഞ് ഇദ്ദേഹം ഒരു നിമിഷം വൈകാതെ മന്ത്രിപദത്തിൽ നിന്ന് രാജിവെച്ചൊഴിയുക തന്നെ വേണം. സംസ്ഥാനത്തെ പരമോന്നത ജനാധിപത്യസഭയ്ക്ക് ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ തീരാക്കളങ്കമേൽപ്പിച്ച പ്രതികളെ ഭരണസ്വാധീനമുപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ച സംസ്ഥാന സർക്കാർ തീർച്ചയായും തങ്ങൾ ചെയ്ത ഗുരുതരമായ തെറ്റ് ഈ നാടിനോട് ഏറ്റുപറഞ്ഞേ തീരൂ.

ലാവ്‌ലിൻ കേസിൽ കുറ്റവിമുക്തനാവാതെ തന്നെ മുഖ്യമന്ത്രിപദത്തിൽ തുടരുന്ന മുഖ്യമന്ത്രിക്ക് ഇതര കേസുകളിൽ പ്രതികളാവുകയും വിചാരണ നേരിടുകയും ചെയ്യുന്ന സഹമന്ത്രിമാരെ സംരക്ഷിക്കുകയേ നിവൃത്തിയുള്ളു എന്നത് സ്വാഭാവികമാണ്. ഈ സ്വാഭാവികത നമ്മുടെ ജനാധിപത്യത്തിൻറെ ധാർമ്മികതയ്ക്കും, ഇടതുപക്ഷം സ്വീകരിച്ചു പോന്ന പൂർവ്വകാല നിലപാടുകൾക്കും വിരുദ്ധമാണെന്നും അപമാനകരമാണെന്നും ഓർക്കുന്നത് നന്നായിരിക്കും.

സഭയുടെ അന്തസ്സ് കെടുത്തിയ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് സഭയ്ക്കകത്തും പുറത്തും ശക്തമായി ആവശ്യപ്പെടുകയാണ്.