'അപ്പോള്‍ ഉള്ളിക്കറി തിന്നാലോ?' ബിരിയാണിക്ക് എതിരായ സംഘപരിവാര്‍ പ്രചാരണത്തെ പരിഹസിച്ച് വി. ശിവന്‍കുട്ടി

ബിരിയാണി കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്ന തരത്തിലുള്ള സംഘപരിവാര്‍ പ്രചാരണത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അപ്പോള്‍ ഉള്ളിക്കറി തിന്നാലോ എന്നാണ് ശിവന്‍കുട്ടി ചോദിച്ചത്. അപ്പോള്‍ ഇന്നുച്ചയ്ക്ക് ബിരിയാണിയാകാം എന്നും ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബീഫ് കഴിക്കുന്നുവെന്ന പേരില്‍ മുമ്പ് ഒരു ചിത്രം പ്രചരിച്ചിരുന്നു. അന്ന് താന്‍ കഴിച്ചത് ബീഫല്ല, ഉള്ളിക്കറിയാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. സുരേന്ദ്രനെതിരെ ഇതിന് പിന്നാലെ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ഇത് ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ശിവന്‍കുട്ടിയുടെ പരിഹാസം.

ഹലാല്‍ വിരുദ്ധ പ്രചാരണത്തിന് പിന്നാലെ തമിഴ്നാട്ടില്‍ മുസ്ലിം സ്ഥാപനങ്ങള്‍ക്കെതിരെ സംഘടിത പ്രചാരണമാണ് നടക്കുന്നത്. ബിരിയാണിയില്‍ ജനന നിയന്ത്രണ ഗുളികള്‍ ചേര്‍ക്കുന്നുണ്ടെന്നാണ് പ്രചാരണം. തീവ്ര ഹിന്ദുഗ്രൂപ്പുകളാണ് ഇത്തരം പ്രചാരണം നടത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം പ്രചാരണം വ്യാപകമാകുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹിന്ദുക്കളെ വന്ധ്യംകരിക്കുകയാണ് ഇത്തരം ബിരിയാണിക്കടകളുടെ ലക്ഷ്യമെന്ന തരത്തില്‍ ദീര്‍ഘമായ കുറിപ്പ് ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇരുപതിനായിരത്തിലധികം ഫോളോവറുള്ള ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പ്രചാരണം. ‘ചെന്നൈയിലെ നാല്‍പ്പതിനായിരം ബിരിയാണിക്കടകള്‍ ദേശത്തിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന്’ മറ്റൊരു ട്വിറ്റര്‍ യൂസര്‍ പറയുന്നു.

ശ്രദ്ധിച്ചില്ലെങ്കില്‍ അമ്പത് വര്‍ഷത്തിനു ശേഷം ദ ചെന്നൈ ഫയല്‍സില്‍ നമ്മള്‍ ഇതിവൃത്തമാകുമെന്നും യൂസര്‍ മുന്നറിയിപ്പു നല്‍കുന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ദ കശ്മീര്‍ ഫയല്‍സിനെ സൂചിപ്പിച്ചാണ് ട്വീറ്റ്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഹൈവേകള്‍ക്ക് സമീപമുള്ള മുസ്ലിം റസ്റ്റോറന്‍ഡുകളെ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. ഭക്ഷണത്തില്‍ വന്ധ്യതാ ഗുളികകള്‍ ചേര്‍ക്കുന്നു എന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ബിരിയാണി ജിഹാദ് ഇന്‍ കോയമ്പത്തൂര്‍ എന്ന പേരിലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുസ്ലിങ്ങള്‍ ഹോട്ടല്‍ ഭക്ഷണത്തില്‍ തുപ്പുന്നു എന്നാരോപിച്ച് തീവ്ര ക്രിസ്ത്യന്‍-ഹിന്ദു സംഘടനകള്‍ രംഗത്തുവന്നിരുന്നു.