സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയാം; കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് വി ശിവന്‍കുട്ടി

സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ നടന്‍ കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജയിലുകളിലല്ല, സ്‌കൂളുകളിലാണ് നല്ല ഭക്ഷണം നല്‍കേണ്ടതെന്ന് കുഞ്ചാക്കോ ബോബന്‍ ഒരു ചടങ്ങില്‍ പറഞ്ഞിരുന്നു. തൃക്കാക്കരയില്‍ ഉമാ തോമസ് എംഎല്‍എയുടെ പ്രഭാതഭക്ഷണ പരിപാടി ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമര്‍ശം.

ഇതിനുപിന്നാലെയാണ് വി ശിവന്‍കുട്ടി സ്‌കൂളിലേക്ക് നടനെ ക്ഷണിച്ചത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി നടനെ സ്‌കൂളിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സദുദ്ദേശത്തോടെയാണ് നടന്റെ വാക്കുകളെന്നും സ്‌കൂള്‍ ഭക്ഷണത്തിന്റെ മെനുവും രുചിയും ചാക്കോച്ചന് സ്‌കൂളിലെത്തിയാല്‍ അറിയാമെന്നും വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

Read more

‘മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ്’- കുഞ്ചാക്കോ ബോബന്‍’
ഈ രൂപത്തിലുള്ള ഗ്രാഫിക്‌സ് കാര്‍ഡുകള്‍ ആണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. എന്താണ് ചാക്കോച്ചന്‍ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകള്‍ ഞാന്‍ കേട്ടു. ചാക്കോച്ചന്‍ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്.
എന്തായാലും ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികള്‍ക്കും സന്തോഷമാവും.
കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.