കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ശരിയല്ല; ആരെയൊക്കെ കൊണ്ടുവരണമെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് വി. മുരളീധരന്‍

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാര്‍ നിബന്ധന ശരിയല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ച് ചാര്‍ട്ടേഡ് വിമാനത്തില്‍ ആരെയൊക്കെ കൊണ്ടു വരണമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രവാസികളെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ആശയവിനിമയങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചാര്‍ട്ടേര്‍ഡ് വിമാനത്തിലെത്തുന്നവര്‍ക്ക് എന്‍ഒസി നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടല്‍.

എന്‍ഒസി നല്‍കേണ്ടത് സംസ്ഥാനമാണെന്നും അതിന് ഇത്തരത്തിലൊരു നിബന്ധന വച്ചാല്‍ എതിര്‍ക്കാനാകില്ലെന്നും കേന്ദ്രം കോടതിയില്‍ നിലപാടെടുത്തു. ചാര്‍ട്ടേര്‍ഡ് വിമാനത്തിലെത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് ഒഴിവാക്കണമെന്ന ഹര്‍ജി വീണ്ടും അടുത്ത തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.