നവകേരള സദസിന്റെ നടത്തിപ്പിനായി സഹകരണ സ്ഥാപനങ്ങളെ പിഴിഞ്ഞെടുക്കുന്നു; കരുവന്നൂരിലെയും കണ്ട്‌ലയിലെയും പണം എവിടെപ്പോയെന്ന് കേന്ദ്രമന്ത്രി

സര്‍ക്കാരിന്റെ നവകേരള സദസിന് പണം കണ്ടെത്താന്‍ സഹകരണബാങ്കുകളെ പിഴിയുന്ന സര്‍ക്കാര്‍ ഉത്തരവിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. നവകേരള സദസ് ആര്‍ഭാടപൂര്‍വം നടത്താന്‍ സഹകരണ ബാങ്കുകളോട് പണം ചിലവഴിക്കാന്‍ പറയുന്നത് കൊള്ളയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ അടിവേര് തോണ്ടിയതിന്റെ ഉത്തരവാദിത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞു മാറാനാവില്ലെന്നും വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. സഹകാര്‍ഭാരതി തിരുവനന്തപുരം ജില്ലാ സമിതിയുടെ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്നിട്ടുളള എല്ലാ പരിഷ്‌ക്കാരങ്ങളെയും അട്ടിമറിക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും തുടക്കം മുതല്‍ ശ്രമിച്ചു. സംഘടിത കൊള്ളയ്ക്ക് കളമൊരുക്കാനായിരുന്നു ഇതെല്ലാം എന്നും വി.മുരളീധരന്‍ ആരോപിച്ചു. കരുവന്നൂരിലെയും കണ്ട്‌ലയിലെയുമെല്ലാം പണം എവിടെപ്പോയി എന്ന് ചോദിച്ചാല്‍ നേതാക്കള്‍ക്ക് ഉത്തരമില്ല, മറിച്ച് സഹകരണ ബാങ്ക് തകര്‍ക്കാന്‍ ഇഡി വരുന്നേ എന്നാണ് വിലാപമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആത്മനിര്‍ഭര ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് നമ്മുടെ സഹകരണ മാതൃക. കേവല രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അപ്പുറം സാമൂഹിക സുരക്ഷയുടെയും ദേശീയ ഉന്നമനത്തിന്റെയും വാഹകരായി സഹകരണ സ്ഥാപനങ്ങള്‍ മാറണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.