ആദ്യം ന്യായീകരണ ക്യാപ്സ്യൂളുകൾ ഇറക്കി രക്ഷിക്കാൻ നോക്കി; വൈകിയെങ്കിലും രാജി നല്ല തീരുമാനമെന്ന് വി.ഡി സതീശൻ

വനിതാ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്നുള്ള എം.സി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. രാജി നേരത്തെ ആയിരുന്നെങ്കിൽ കുറേക്കൂടി ഗുണം കിട്ടിയേനെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വനിതാ കമ്മീഷൻ പാവപ്പെട്ട പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തേണ്ടതുണ്ട്. ജോസഫൈന്റെ പ്രസ്താവന വനിതാ കമ്മീഷന്റെ വിശ്വാസ്യത തകർത്തു. ന്യായീകരണ ക്യാപ്സ്യൂളുകൾ ഇറക്കി ജോസഫൈനെ രക്ഷിക്കാൻ പറ്റുമോ എന്ന് സി.പി.എം ആദ്യം ശ്രമിച്ചു നോക്കി എന്നും വി.ഡി സതീശൻ പറഞ്ഞു.

യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ വരെ ജോസഫൈനെ ന്യായീകരിച്ചു രംഗത്ത് വന്നു. പാവപ്പെട്ട പെൺകുട്ടികളെ പിന്തുണയ്ക്കേണ്ടവരാണ് യുവജന സംഘടനകൾ എന്നിട്ടും ന്യായീകരണവുമായി വന്നു. അത് കേരളത്തിൽ വിലപ്പോവില്ല എന്ന് മനസ്സിലായപ്പോഴാണ് സി.പി.എമ്മിന് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. വൈകിയാണെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുത്തത് നല്ല കാര്യമാണ് എന്നും വി.ഡി സതീശൻ പറഞ്ഞു.