സർക്കാർ അടുത്ത ധൂർത്തിന് കളം ഒരുക്കുന്നു,തെരഞ്ഞെടുപ്പുകളുടെ പ്രചരണ പരിപാടികള്‍ സ്വന്തം നിലയിൽ സംഘടിപ്പിക്കണം , കേരളീയം 2023 യു ഡി എഫ് ബഹിഷ്‌ക്കരിക്കുമെന്ന് വി.ഡി സതീശന്‍

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന കേരളീയം 2023 പരിപാടി ബഹിഷ്കരിക്കുവാൻ തീരുമാനിച്ച് യുഡിഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കാനെന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന കേരളീയം-2023 പരിപാടി യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്നും, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പര്യടന പരിപാടികളിൽ യുഡിഎഫ് സഹകരിക്കില്ലെന്നും വി.ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇവ രണ്ടും സർക്കാർ ചെലവിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണെന്ന് സതീശൻ പറഞ്ഞു. ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളുടെ പ്രചരണ പരിപാടികള്‍ ഇടതുമുന്നണി സ്വന്തം നിലയില്‍ സംഘടിപ്പിക്കണം. അല്ലാതെ സര്‍ക്കാര്‍ ഖജനാവിലുള്ള പൊതുജനങ്ങളുടെ നികുതിപണം ദുരുപയോഗം ചെയ്യരുത്. പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുമ്പോഴാണ് സർക്കാർ അടുത്ത ധൂർത്തിന് കളം ഒരുക്കുന്നതെന്ന് വി ഡി സതീശൻ ഓർമ്മിപ്പിച്ചു.സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിനാല്‍ കുട്ടനാട്ടില്‍ കര്‍ഷകന്‍ അത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ്. സാധാരണക്കാരന്റെ കഴുത്തറുക്കുന്ന നികുതിക്കൊള്ള ഒരു ഭാഗത്ത് നടക്കുമ്പോള്‍ വന്‍കിടക്കാര്‍ക്ക് നികുതി വെട്ടിപ്പിനുള്ള പറുദീസയായി കേരളം മാറി. ക്ഷേമ പദ്ധതികള്‍ക്ക് പോലും പണമില്ല. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ചോദ്യചിഹ്നമായി നില്‍ക്കുന്നു. അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്.

വികൃതമായ സര്‍ക്കാരിന്റെ മുഖം മിനുക്കുന്നതിനാണ് ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി ഒരു ആലോചനയും നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ രണ്ട് പരിപാടികളും യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.