കോവിഡ് രോഗത്തിന് വ്യാജചികിത്സ; ഉത്തർപ്രദേശ് സ്വദേശിയെ മഞ്ചേശ്വരം പൊലീസ് പിടികൂടി

കാസർഗോഡ് ഉപ്പളയിൽ കോവിഡ് രോഗത്തിന് വ്യാജചികിത്സ നടത്തിയ യു.പി സ്വദേശി അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസാണ് ഉത്തർപ്രദേശ് സ്വദേശിയായ വിനീത പ്രസാദ് (36) നെ അറസ്റ്റ് ചെയ്തത്.  ആരോഗ്യ വകുപ്പ് നൽകിയ പരാതിയെ തുടർന്നാണ്  നടപടി.

നാല് ദിവസം കൊണ്ട് കോവിഡ് രോഗം ഭേദമാക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സ എന്ന പേരിലാണ് വ്യാജന്‍ മരുന്ന് നല്‍കുന്നത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ് നിർദേശിച്ചത് പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ വിനീത പ്രസാദ് വ്യാജ ചികിത്സ നടത്തിയതായി കണ്ടെത്തി. മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യവകുപ്പ് ജീവനക്കാരുടെ പരാതിയെ തുടർന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി വിനീത പ്രസാദിനെ അറസ്റ്റ് ചെയ്തു. കോവിഡിന് യുപി മോഡൽ ചികിത്സ എന്ന് ഉപ്പളയിൽ ബാനർ സ്ഥാപിച്ചായിരുന്നു രോഗികളെ ആകർഷിച്ചിരുന്നത്. നാല് ദിവസം കൊണ്ട് കോവിഡ് ഭേദമാക്കുമെന്ന് പറഞ്ഞായിരുന്നു ചികിത്സ. ഐടിഐ മാത്രം പാസായ ആളാണ് ഇയാൾ പിടിയിലായത്.