'ഞങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് ഒന്നും ഇല്ലല്ലോ'; ജനാധിപത്യപരമായി മുന്നോട്ടുപോകുന്ന ഒരു പാര്‍ട്ടിയാണ് ബിജെപിയെന്ന് രാജീവ് ചന്ദ്രശേഖര്‍; നിലമ്പൂരിലേത് അനാവശ്യ തിരഞ്ഞെടുപ്പ്

ജനാധിപത്യപരമായി മുന്നോട്ടുപോകുന്ന ഒരു പാര്‍ട്ടിയാണ് ബിജെപിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഞങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് ഒന്നും ഇല്ലല്ലോയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്‍ഡിഎഫിനെയോ യുഡിഎഫിനെയോ പോലെയല്ല, കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് ഞങ്ങള്‍ തീരുമാനിക്കുകയാണ് ചെയ്യുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്നും ഏഴുമാസത്തേക്ക് വേണ്ടിമാത്രം ഒരു എംഎല്‍എയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഒരു തിരഞ്ഞെടുപ്പാണ് അതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് അനാവശ്യമായ ഒന്നാണെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ഈഗോ കാണിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

‘ഏഴുമാസത്തേക്ക് വേണ്ടിമാത്രം ഒരു എംഎല്‍എയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഒരു തിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നത്. അത് അനാവശ്യമായി നടക്കുന്ന ഒരു തിരഞ്ഞെടുപ്പാണെന്ന് മത്സരിക്കാന്‍ പോകുന്ന സ്ഥാനാര്‍ഥികള്‍ക്കും പിന്നിലുള്ള പാര്‍ട്ടികള്‍ക്കും അറിയാം. ഏഴുമാസത്തില്‍ ഒരു എംഎല്‍എ എന്തുചെയ്യാനാണ്? ഒന്നും ചെയ്യാനാവില്ല, അതും എല്ലാവര്‍ക്കും അറിയാം. ഏഴുമാസം കഴിഞ്ഞാല്‍ ശരിക്കുള്ള തിരഞ്ഞെടുപ്പ് വരും. അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയോ, എന്‍ഡിഎ സ്ഥാനാര്‍ഥിയോ, സ്വതന്ത്ര സ്ഥാനാര്‍ഥിയോ ഉണ്ടാവാമെന്നും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ബിജെപി സംസ്ധാന അധ്യക്ഷന്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഇന്ന് നടക്കുന്ന എന്‍ഡിഎ മീറ്റിങ്ങില്‍ തീരുമാനിക്കുമെന്നും നിലവില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശ്രദ്ധിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

Read more

നിലമ്പൂരില്‍ ബിജെപി ഇതുവരെ വിജയിച്ചിട്ടില്ല. ന്യൂനപക്ഷങ്ങള്‍ ഭൂരിഭാഗമുള്ള ഒരു മണ്ഡലമാണ് അതെന്നും ബിജെപി അവിടെ മത്സരിച്ചാല്‍തന്നെ അതിന്റെ വിജയസാധ്യത എത്രത്തോളം എന്നുപറയാന്‍ ഞാന്‍ ആളല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎ അവിടെ നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്‍ഡിഎയില്‍ ചര്‍ച്ച ചെയ്തശേഷമേ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കൂവെന്നും വെറുതെ മത്സരിക്കാന്‍ വേണ്ടിയല്ല ബിജെപി തിരഞ്ഞെടുപ്പില്‍ ഇറങ്ങുന്നത്, ജയിക്കാന്‍വേണ്ടി തന്നെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിജയിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ മത്സരിക്കുക എന്നതാണ് ബിജെപിയുടെ നയമെന്നും രാജീവ് വ്യക്തമാക്കി. എല്‍ഡിഎഫും യുഡിഎഫും ഇതുവരെ ചെയ്തിട്ടില്ലാത്ത വികസനകാര്യങ്ങള്‍ മുന്നോട്ടുവെക്കും. എല്‍ഡിഎഫ്, സര്‍ക്കാരിന്റെ വിജയാഘോഷങ്ങള്‍ നടത്തുകയാണ്. എന്നാല്‍ കേരളം വീണ ഒമ്പതുകൊല്ലമാണ് കടന്നുപോയതെന്നാണ് ബിജെപിയുടെ വിലയിരുത്തലെന്നും അത് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.