പിണറായി വിജയന്റെ കീഴിൽ കേരളം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണ്: ജെ. പി നദ്ദ

മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിൽ കേരളം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ബിജെപി സംസ്ഥാന ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തെ അപലപിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് നദ്ദ ഇക്കാര്യം പറഞ്ഞത്.

“ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ മൗലികവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. ഇത്തരം ഭീരുത്വം നിറഞ്ഞ പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിൽ കേരളം നിയമവിരുദ്ധ സംസ്ഥാനമായി മാറുകയാണ്. അവരുടെ ക്രൂരത കൊണ്ട് നമ്മെ ഭയപ്പെടുത്താൻ അവർക്ക് കഴിയില്ല.” ജെ പി നദ്ദ ട്വീറ്റിൽ കുറിച്ചു.

എസ്ഡിപിഐ പ്രവർത്തകൻ കെ.എസ് ഷാനിന്റെയും ബിജെപി പ്രവർത്തകൻ രഞ്ജിത് ശ്രീനിവാസന്റെയും തുടർച്ചയായ കൊലപാതകങ്ങൾ ആലപ്പുഴ ജില്ലയെ നടുക്കിയിരിക്കുകയാണ്. കൊലപാതകത്തെ തുടർന്ന് പൊലീസ് ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.