തൃക്കാക്കരയില്‍ വികസനം ചര്‍ച്ചയായാല്‍ നേട്ടം യു.ഡി.എഫിന്, കെ.വി തോമസിന് തെറ്റ് തിരുത്താനുള്ള അവസരം, കെ. മുരളീധരന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചയാക്കിയാല്‍ യുഡിഎഫിനാകും നേട്ടമെന്ന് കെ മുരളീധരന്‍ എംപി. കേരള മോഡല്‍ ബിജെപി-സി പി എം ബന്ധം പുറത്തുവരും. വികസന കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫിനെ വെല്ലുവിളിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ ഉമ തോമസിനെ തിരഞ്ഞെടുപ്പ് സമിതിയുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. തന്നെ കെപിസിപി പ്രസിഡന്റും, പ്രതിപക്ഷ നേതാവും വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ അനാവശ്യ ചര്‍ച്ച പാടില്ല. സ്ഥാനാര്‍ത്ഥി രംഗത്ത് വന്നു കഴിഞ്ഞി. ഇനി മറ്റ് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല.

കെവി തോമസ് ഇന്നലെ പാര്‍ട്ടി അംഗത്വം പുതുക്കി. ആരെയും വില കുറച്ച് കാണുന്നില്ല. പാര്‍ട്ടിയോടൊപ്പം നിന്നാല്‍ അദ്ദേഹത്തിനും പാര്‍ട്ടിക്കും നല്ലത്. തെറ്റ് തിരുത്താന്‍ എഐസിസി നല്‍കിയ സുവര്‍ണ്ണാവസരമാണ്. പാര്‍ട്ടി കൊടുത്ത അവസരം അദ്ദേഹം ഉപയോഗിക്കണം. പാര്‍ട്ടിയ്ക്ക് വേണ്ടി രംഗത്തിറങ്ങണമെന്ന് മുരളീധരന്‍ പറഞ്ഞു.

കെ റെയില്‍ മാത്രമല്ല രണ്ടാം പിണറായി സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തൃക്കാക്കരയില്‍ ചര്‍ച്ച ചെയ്യപ്പെടും. പി സി.ജോര്‍ജിന്റേത് അറസ്റ്റ് നാടകമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. 29 ന് കേരളത്തില്‍ വരുമെന്ന് അറിയിച്ച അമിഷ് ഷാ സന്ദര്‍ശം റദ്ദാക്കി. ബിജെപി രണ്ടും കല്‍പ്പിച്ച് ഹിഡന്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.