അൻവറിന് മുന്നിൽ വാതിൽ തുറക്കാൻ ഒരുങ്ങി യുഡിഎഫ്

ഇന്നലെ രാജിവെച്ച പിവി അൻവറിന്റെ രാഷ്ട്രീയ ഭാവിയുടെ കുലങ്കഷമായ ചർച്ചകൾക്കിടയിൽ അൻവറിന് മുന്നിൽ വാതിൽ തുറക്കാൻ ചർച്ചകൾക്ക് ഒരുങ്ങി യുഡിഎഫ്. രാജിവെച്ച നിലമ്പൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ അവിടെ അൻവർ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യുഡിഎഫ് അവരുടെ നിലപാടിൽ പുനർപരിശോധന നടത്തുന്നത്. സിപിഎമ്മിനെതിരെ അൻവറിനെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കം നടത്താം എന്ന ഉദ്ദേശത്തിൽ അൻവറിനെ പെട്ടെന്നു തന്നെ സ്വീകരിക്കണം എന്ന അഭിപ്രായമുള്ള കോൺഗ്രസ് നേതാക്കൾ യുഡിഎഫിലുണ്ട്.

യുഡിഫ് പ്രവേശനത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ, അൻവറിന്റെ മാപ് വന്ന പശ്ചാത്തലത്തിൽ ഒന്ന് അഴഞ്ഞിട്ടുണ്ട്. നിലവിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടും അൻവറിന് അനുകൂലമാണ്. കഴിഞ്ഞ ദിവസം വിഡി സതീശനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങളിൽ പിവി അൻവർ മാപ്പ് പറഞ്ഞിരുന്നു. മാപ് സ്വീകരിച്ച സതീശൻ അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തന്റെ വ്യക്തിപരമായ എതിർപ്പ് ബാധകമല്ല എന്നും എനിക്ക് അൻവറിനോട് ഒരു എതിർപ്പും ഇല്ല എന്നും തുറന്നുപറഞ്ഞിരുന്നു.

Read more

ഇന്നലെ എംഎൽഎ സ്ഥാനം രാജിവെച്ച ശേഷം വാർത്ത സമ്മേളനത്തിൽ പി വി അൻവർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിഡി സതീശനെതിരെ നിയമസഭയിൽ അൻവർ ഉന്നയിച്ച 150 കോടിയുടെ അഴിമതി ആരോപണം പി ശശിയുടെ നിർദേശപ്രകാരമാണെന്നായിരുന്നു അൻവറിൻറെ വെളിപ്പെടുത്തൽ.