ഗാന്ധിചിത്രം തകര്‍ത്ത സംഭവം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമം; ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ല പ്രസിഡന്റ്

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്ര്‌സ് വയനാട് ജില്ലാ പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍. പൊലീസിന്റെ വീഴ്ച മറയ്ക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്നും അന്വേഷണം ആരംഭിക്കുന്നതിന്് മുമ്പ് തന്നെ മുഖ്യമന്ത്രി ഇത് പറഞ്ഞിരുന്നുവെന്നും സംഷാദ് ആരോപിച്ചു.

മുഖ്യമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പൊലീസ് ഫോട്ടോഗ്രാഫര്‍ കയറി ഇറങ്ങിയതിന് ശേഷവും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസ് പരിസരത്ത് ഉണ്ടായിരുന്നു. പൊലീസ് സാന്നിധ്യത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളുണ്ട്. അത് പൊലീസ് മറച്ച് വെക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്ന പൊലീസ് റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ കഥയ്ക്ക് പൊലീസ് ഒരുക്കിയ തിരക്കഥയാണിത്. ഈ റിപ്പോര്‍ട്ട് കേരളം തളളും. ആക്രമണം രാഹുല്‍ ഗാന്ധി ആസൂത്രണം ചെയ്തതാണെന്ന് പറയാതിരുന്നത് മഹാഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറിയത് പിന്നിലൂടെയാണ്. അക്രമികളെ പൊലീസ് പുറം തട്ടി പ്രോത്സാഹിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവം നടക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിടെയില്ലായിരുന്നു. ഓഫീസ് സ്റ്റാഫുകളെ മര്‍ദ്ദിച്ചവശരാക്കിയെന്നും കേസെടുക്കുമെന്ന് പേടിപ്പിക്കേണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വാദിയെ പ്രതിയാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമുയര്‍ന്നേക്കാമെന്നും എസ്ഡിപിഐക്കാര്‍ എകെജി സെന്ററിലെത്തിയതില്‍ സിപിഎം വിശദീകരണം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.