ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര; കാൽ പ്ലാറ്റ്‌ഫോമിനിടയിൽ കുടുങ്ങി രണ്ടു വിദ്യാർഥികൾക്ക് പരിക്ക്, കേസെടുത്ത് ആർപിഎഫ്

ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്രചെയ്ത വിദ്യാർഥികൾക്ക് പരിക്ക്. കാലുകൾ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിനിടയിൽ കുടുങ്ങിയാണ് ആലുവ തൈക്കാട്ടുകര സ്വദേശികളായ ഫർഹാൻ (18), സമീം (21) എന്നിവർക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയ്ക്ക് ഒല്ലൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

പഴനിയിൽ നിന്ന് മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസിൽ ആലുവയിലേക്ക് യാത്രചെയ്യുകയായിരുന്നു ഇരുവരും. ജനറൽ കമ്പാർട്ട്മെന്റിൽ കയറിയ ഇവർ തുടക്കം മുതലേ ചവിട്ടുപടിയിലിരുന്നാണ് യാത്ര ചെയ്തത്. ട്രെയിൻ ഒല്ലൂരിലെത്തിയപ്പോൾ പ്ലാറ്റ്ഫോം തുടങ്ങുന്നിടത്തു വെച്ച് കാലുകൾ പ്ലാറ്റ്‌ഫോമിൽ ഉരസി മുറിവേറ്റു. സ്റ്റോപ്പ് ഇല്ലെങ്കിലും ഏതാനും മിനിറ്റ്‌ നേരത്തേക്ക് ട്രെയിൻ ഒല്ലൂരിൽ നിർത്തി.

ഈ സമയത്ത്‌ ഇരുവരും പുറത്തിറങ്ങി സമീപത്തെ റെയിൽവേഗേറ്റിനടുത്തേക്ക് നടന്നു. സ്റ്റേഷൻമാസ്റ്റർ പരിക്കേറ്റ ഇവരെ കാണുകയും ആംബുലൻസിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇവരുടെ പാദങ്ങൾക്കും വിരലുകൾക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവർ പിന്നീട് കൊച്ചി സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സതേടി.

നിയമ ലംഘനം നടത്തി യാത്രചെയ്തതിന് വിദ്യാർഥികളുടെ പേരിൽ ആർപിഎഫ് കേസെടുത്തു. ഇന്ത്യൻ റെയിൽവേയ്സ് ആക്ട് 156-ാം വകുപ്പുപ്രകാരം അപകടകരമാംവിധം പടിയിലിരുന്ന് യാത്രചെയ്തതിനാണ് കേസെടുത്തത്. സമീം ആലുവ യുസി കോളേജിലും ഫർഹാൻ എടത്തല അൽ-അമീൻ കോളേജിലും ബിരുദ വിദ്യാർഥികളാണ്.