വിമാനത്തില്‍ അക്രമം കാണിച്ച ഇ.പി ജയരാജന് ട്രാവല്‍ ബാന്‍ ഏര്‍പ്പെടുത്തണം: ഷാഫി പറമ്പില്‍

വിമാനത്തില്‍ അക്രമം കാണിച്ചത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍.നിരായുധരായ രണ്ട് ചെറുപ്പക്കാര്‍ ഒരു മുദ്രാവാക്യം വിളിച്ചതിന് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് കേസെടുത്തവരുടെ അതേ മാനദണ്ഡമാണെങ്കില്‍ ജയരാജനെതിരെ കൊലപാതകത്തിന് കേസെടുക്കേണ്ടി വരുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജയരാജന് എതിരെ കേസെടുക്കണമെന്നും ട്രാവല്‍ ബാന്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും ഏവിയേഷന്‍ അതോറിറ്റിക്കും പരാതിയ നല്‍കിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മദ്ദ്യപിച്ച് ലക്ക് കെട്ടാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് എന്ന ഇ.പി ജയരാജന്റെ വാദം മറ്റൊരു ‘ജയരാജജല്പനം’ മാത്രമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.
നിരായുധരായ രണ്ട് ചെറുപ്പക്കാര്‍ ഒരു മുദ്രാവാക്യം വിളിച്ചതിന് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് കേസെടുത്തവരുടെ അതേ മാനദണ്ഡമാണെങ്കില്‍ ജയരാജനെതിരെ കൊലപാതകത്തിന് കേസെടുക്കേണ്ടി വരും.

ആ ഫ്ളൈറ്റില്‍ Physical Abusive Behavior (Unruly behavior level 2) ഉണ്ടായത് ഒരേ ഒരാളുടെ ഭാഗത്ത് നിന്നാണ്, അതും മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളവര്‍ പോലും കേവലം ഒരു മുദ്രാവാക്യം വിളി മാത്രമായി കണ്ട കാര്യത്തില്‍ യുവാക്കളെ ആക്രമിക്കുകയായിരുന്നു ജയരാജന്‍.

ജയരാജനെതിരെ കേസെടുക്കണമെന്നും ട്രാവല്‍ ബാന്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും aviation അതോറിറ്റിക്കും യൂത്ത് കോണ്‍ഗ്രസ്സ് പരാതി കൊടുത്തിട്ടുണ്ട്. ഒരു മുദ്രാവാക്യം വിളിയെ കൊലപാതകശ്രമമായി ചിത്രീകരിച്ച് കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ ഭീരുത്വത്തെ നിയമപരമായും അസഹിഷ്ണുതയെ രാഷ്ട്രീയമായും നേരിടും.