പത്തനംതിട്ടയില്‍ കടയ്ക്കുള്ളില്‍ വ്യാപാരി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം വായില്‍ തുണി തിരുകി കൈകാലുകള്‍ കെട്ടിയ നിലയില്‍

പത്തനംതിട്ടയില്‍ മൈലപ്രയില്‍ കടയ്ക്കുള്ളില്‍ വ്യാപാരിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. മൈലപ്ര പുതുവേലില്‍ വീട്ടില്‍ ജോര്‍ജ്ജ് ഉണ്ണുണ്ണി(73) ആണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ തുണി തിരുകി കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കടയില്‍ സാധനം വാങ്ങാനെത്തിയവരാണ് മൃതദേഹം കണ്ടത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധരുള്‍പ്പെടെ സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകൂ.

മൈലപ്ര പോസ്റ്റ് ഓഫീസിനോട് ചേര്‍ന്ന രണ്ട് മുറി കടയുടെ പിന്നില്‍ കൈകാലുകള്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. കടയിലെ സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടുണ്ട്. സിസിടിവി ഹാര്‍ഡ് ഡിസ്‌കും കടയില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്ന സംശയവും വര്‍ദ്ധിക്കുന്നുണ്ട്.