കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

പൊതുവഴിയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ദേവും ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബസ് തടഞ്ഞ സംഭവത്തില്‍ നടപടിയെടുക്കണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്

കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍ തുടങ്ങി ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

ഇരുവര്‍ക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ മേയറും സംഘവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കേസെടുത്തിട്ടില്ല.

ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി. മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായി സച്ചിന്‍ദേവ് ബസില്‍ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

മേയര്‍ക്കും എംഎല്‍എയ്ക്കും പുറമെ കാറിലുണ്ടായിരുന്ന ബന്ധുക്കള്‍ക്കെതിരെയും പരാതിയുണ്ട്. പരാതി ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി കേസ് നാളത്തേക്ക് മാറ്റി. കേസ് കോടതി വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് കേസെടുത്തില്ലെങ്കില്‍ രൂക്ഷവിര്‍ശനം ഏറ്റുവാങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.