'ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ല, ഇഷ്ടം എം.എല്‍.എ കാലം'; നിയമസഭയില്‍ കണ്ണുവെച്ച് പ്രതാപന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് ടിഎന്‍ പ്രതാപന്‍ എംപി. എംപിയായി പ്രവര്‍ത്തിച്ച കാലത്തേക്കാള്‍ എംഎല്‍എയായി പ്രവര്‍ത്തിച്ച കാലമാണ് കൂടുതല്‍ ജനങ്ങളെ സേവിക്കാനായതെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞെന്നും പ്രതാപന്‍ പറഞ്ഞു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്നെ മത്സരസ്ഥാനത്ത് നിന്നും മാറ്റുന്നതാകും ഉചിതമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തൃശൂരില്‍ നല്ല പകരക്കാരന്റെ പേര് തന്റെ മനസിലുണ്ട്. പക്ഷേ അത് നിശ്ചയിക്കേണ്ടത് ഹൈക്കമാന്‍ഡായതിനാല്‍ പറയുന്നില്ല. നേതൃത്വം തന്നോട് ആരാഞ്ഞാല്‍ മനസിലുള്ള ‘വിന്നിംഗ് കാന്‍ഡിഡേറ്റിന്റെ’ പേര് അറിയിക്കും.

ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് നിശ്ചയിക്കുന്നത് പാര്‍ട്ടിയും ജനങ്ങളുമാണ്. സാമുദായിക സംഘടനകള്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്ക സ്ഥിതിയുണ്ടാകരുത്.

കോണ്‍ഗ്രസ് ഏതെങ്കിലും മതത്തിന്റെ സമുദായത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാമനാര്‍ത്ഥിയെ നിശ്ചയിക്കുന്ന പാര്‍ട്ടിയല്ല. മത-സാമുദായിക സംഘടനകള്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കരുത്-പ്രതാപന്‍ പറഞ്ഞു.