കണ്ണൂരില്‍ നടന്നത് കള്ളവോട്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; കുറ്റക്കാര്‍ക്കെതിരെ പൊലീസ് കേസ്; എം.പി സെലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കും

കണ്ണൂരിലെ കല്യാശേരിയിലെ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. പിലാത്തറ യു പി സ്‌കൂളിലെ 19 -ാം ബൂത്തില്‍ കള്ളവോട്ട് നടന്നു. 1091 വോട്ടുകളാണ് ഉള്ളത്. വോട്ട് ചെയ്തത് 969 പേരാണ്. 19 -ാം ബൂത്തിലാണ് സെലീന കള്ള വോട്ട് രേഖപ്പെടുത്തിയത്. ഈ ബൂത്തില്‍ സെലീനയ്ക്ക് വോട്ടുണ്ടായിരുന്നില്ലെന്നും ടീക്കാറാം മീണ വ്യക്തമാക്കി. 1857 ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഉണ്ടായിരുന്നു. കള്ളവോട്ട് കണ്ടുപിടിക്കാന്‍ സാധിച്ചത് അതിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞതോടെ കണ്ണൂരിലെയും കാസര്‍ഗോട്ടെയും കലക്ടര്‍മാരോടും വിശദമായ റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ടെന്നും കണ്ണൂര്‍ കളക്ടര്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും അതിലൂടെ ചില കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു.

പഞ്ചായത്ത് അംഗം സെലീനയും മുന്‍ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊന്‍പതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. യധാര്‍ത്ഥ ബൂത്തില്‍ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. രേഖകളെല്ലാം സ്റ്റോംഗ് റൂമിലാണെന്നും അത് പരിശോധിച്ചാല്‍ മാത്രമെ അവിടെ വോട്ട് ചെയ്‌തോ എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളുവെന്നും  മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പത്മിനി എന്ന സ്ത്രീയാകട്ടെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ രണ്ട് തവണ വോട്ട് ചെയ്യാനെത്തി.

കള്ളവോട്ട് ചെയ്ത മൂന്ന് പേര്‍ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എം.പി സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. എം.പി സെലീന പഞ്ചായത്ത് അംഗത്വം രാജി വെച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്നും ടിക്കാറാം മീണ നിരീക്ഷിച്ചു.