തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഒരു മണിക്ക് , എല്ലാം സജ്ജമെന്ന് തിരുവാമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍

കാലാവസ്ഥ അനുകൂലമായതോടെ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നടത്തുമെന്ന് റവന്യു മന്ത്രി. എല്ലാം സജ്ജമാണെന്ന് തിരുവാമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ അറിയിച്ചു. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഈ മാസം 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലം രണ്ടു തവണ മാറ്റിവയ്ക്കുകയായിരുന്നു.

15ന് വെടിക്കെട്ട് നടത്താന്‍ ആദ്യം തീരുമാനിച്ചെങ്കിലും പീന്നിട് 14ന് വൈകുന്നേരം ആറരയ്ക്ക് വെടിക്കെട്ട് നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം ബോര്‍ഡ് എത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലും കനത്ത മഴ പെയ്തതോടെ വെടിക്കെട്ട് വീണ്ടും മാറ്റിവെയ്ക്കാന്‍ അധികൃതര്‍ തയ്യാറാവുകയായിരുന്നു.

വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന തേക്കിന്‍കാട് മൈതാനത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കരിമരുന്ന് പൂര്‍ണമായും പൊട്ടിച്ച് തീര്‍ക്കുക എന്നതാണ് പ്രായോഗികമായി ചെയ്യാന്‍ കഴിയുക. അതിനുള്ള സൌകര്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും റവന്യൂ മന്ത്രി കെ.രാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗുണ്ട്, ഓലപ്പടക്കം, കുഴിമിന്നല്‍, അമിട്ട് എന്നിങ്ങനെ വെടിക്കൊപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കൊറോണ മൂലം കഴിഞ്ഞ രണ്ടുവര്‍ഷം ചടങ്ങില്‍ മാത്രമായി ഒതുങ്ങിയ തൃശൂര്‍ പൂരം ഇത്തവണ ആഘോഷമായാണ് കൊണ്ടാടിയത്. മഹാമാരിക്കുശേഷം നടന്ന പൂരം കാണാന്‍ പതിനായിരങ്ങളാണ് പൂര നഗരിയിലേക്ക് ഒഴുകിയെത്തിയത്. ഇതിനിടയിലാണ് മഴ പൂരത്തിന്റെ മുഖ്യ ആകര്‍ഷണമായ വെടിക്കെട്ടിന് തടസമായത്. ഇതിന്റെ നിരാശയിലായിരുന്നു പൂരപ്രേമികള്‍ .