തൃശൂരില്‍ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം; അയല്‍വാസികള്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ സ്ഥലം വിട്ടു

തൃശൂര്‍ കൊണ്ടാഴി പാറമേല്‍പ്പടിയിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ തകര്‍ത്ത് മോഷണം നടത്താനായിരുന്നു കവര്‍ച്ചാസംഘം ശ്രമിച്ചത്. എന്നാല്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഉണര്‍ന്നതിനാല്‍ കവര്‍ച്ചാസംഘം സ്ഥലം വിട്ടു. തിങ്കളാഴ്ച പൂലര്‍ച്ചെ മൂന്നോടെയായിരുന്നു കവര്‍ച്ചാശ്രമം.

ഹെല്‍മറ്റ് ധരിച്ചാണ് മോഷ്ടാക്കള്‍ കവര്‍ച്ചയ്‌ക്ക് എത്തിയത്. എടിഎമ്മിനകത്തെ സിസിടിവി ക്യാമറകള്‍ ടേപ്പ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ സ്ഥലം വിട്ടു. ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ള കാറാണിത്.  കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ഗ്യാസ് കട്ടറും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. മോഷ്ടാക്കള്‍ക്കായി അന്വേഷണം തുടരുകയാണ്.