തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒപ്പം ആടിപ്പാടി ശശി തരൂര്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം പ്രകാശനം ചെയ്ത് ശശി തരൂര്‍ എംപി. ഭീഷമപര്‍വ്വത്തിലെ ഗാനത്തിന്റെ പാരഡിയാണ് പ്രചാരണ ഗാനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഗാനം പ്രകാശനം ചെയ്തതോടെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുവടുകള്‍ വെച്ചു. എംപിയും അവര്‍ക്കൊപ്പം ചേരുകയായിരുന്നു.

തിരഞ്ഞെടുപ്പ് ഗാനം ഉദ്ഘാടനെ ചെയ്തതിന്റെ സന്തോഷം പങ്കിട്ടുകൊണ്ട് അദ്ദേഹം വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് ഗാനത്തിന്റെ പ്രകാശനം നടന്നത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി അദ്ധ്യക്ഷനായിരുന്നു. തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് ശശി തരൂര്‍ പറഞ്ഞു.

മണ്ഡലത്തില്‍ എല്ലാ പാര്‍ട്ടികളും പ്രചാരണം ശക്തമാക്കി മുന്നോട്ടു പോകുകയാണ്. ഈ മാസം 31നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. പി.ടി. തോമസിന്റെ വിയോഗത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.