അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ പൊതുദർശനം ദർബാർ ഹാളിൽ തുടരുന്നു. ആയിരക്കണക്കിന് ആളുകളാണ് വിപ്ലവനായകനെ ഒരുനോക്ക് കാണാനായി ദർബാർ ഹാളിൽ ഇരച്ചെത്തുന്നത്. വി എസിന്റെ പൊതുദർശനം ദര്‍ബാര്‍ ഹാളില്‍ പുരോഗമിക്കുമ്പോൾ വൻജനപ്രവാഹമാണ് ഒഴുകിയെത്തുന്നത്. അതേസമയം ഇന്നലെ എകെജി സെന്ററിലെ പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് മുദ്രാവാക്യം വിളിച്ച് പ്രിയ നേതാവിനെ കാണാനെത്തിയത്.
ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ആലപ്പുഴ പൊലീസ് റീക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കും. വിഎസിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.