വടകരയും കോഴിക്കോടും എല്‍ഡിഎഫ് വിജയിക്കും, ഇത്തവണ 2004 ആവര്‍ത്തിക്കും; കേരളത്തില്‍ ഇടത് തരംഗമുണ്ടാകുമെന്ന് പിഎ മുഹമ്മദ് റിയാസ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയും കോഴിക്കോടും എല്‍ഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 2019ലെ സാഹചര്യം മാറിയതായും ഇത്തവണ 2004 ആവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗമുണ്ടാകുമെന്നും മുഹമ്മദ് റിയാസ് ആതമവിശ്വാസം പ്രകടിപ്പിച്ചു.

ഇത്തവണ വടകരയില്‍ ടിപി വധക്കേസ് ചര്‍ച്ചയാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുമെന്നും റിയാസ് അഭിപ്രായപ്പെട്ടു. അതേസമയം കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ആന്റോ ആന്റണി കെ സുരേന്ദ്രന്‍ എന്ന് തെറ്റായി അഭിസംബോധന ചെയ്ത സംഭവത്തെ മന്ത്രി പരിഹസിച്ചു.

കോണ്‍ഗ്രസിന്റെ ഒരു എംപിക്ക് പോലും കെപിസിസി പ്രസിഡന്റിനെ മാറിപ്പോകുന്ന അവസ്ഥയാണ്. കെപിസിസി പ്രസിഡന്റും ബിജെപി സംസ്ഥാന അധ്യക്ഷനും പറയുന്നത് ഒന്നുതന്നെയാണെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു. മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം യുഡിഎഫിലെ ആഭ്യന്തര പ്രശ്നമാണെന്നും മന്ത്രി വ്യക്തമാക്കി.