ഇന്നും ശക്തമായ മഴയുണ്ടാകും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യയതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ലക്ഷദ്വീപിന് സമീപവും വടക്കന്‍ തമിഴ്‌നാട്ടിലും നിലനില്‍ക്കുന്ന ചക്രവാത ചുഴികളാണ് മഴ തുടരാന്‍ കാരണം.

പടിഞ്ഞാറന്‍ കാറ്റും ശക്തി പ്രാപിച്ചിട്ടുണ്ട്. സംസ്ഥാനത്താെട്ടാകെ ഇന്ന് വ്യാപകമായി തന്നെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതേ തുടര്‍ന്ന് 16 മുതല്‍ 19-ാം തീയതി വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.

ഇടിമിന്നലോട് കൂടിയ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലെ ജനങ്ങള്‍ ഓാറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ പ്രദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കി. 24 നും 27 നും ഇടയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് സൂചന.