ജോസഫൈന് എതിരെ പാർട്ടി അച്ചടക്കനടപടി ഉണ്ടാകില്ല; വിവാദം അവസാനിപ്പിക്കാൻ തീരുമാനം

വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച എം.സി ജോസഫൈനെതിരെ പാർട്ടി അച്ചടക്ക നടപടി ഉണ്ടാകില്ല. രാജിയോടെ വിവാദം അവസാനിപ്പിക്കാനാണ് സി.പി.എം തീരുമാനം. വിവാദ പ്രസ്താവന നടത്തിയ ജോസഫൈനോട് പാർട്ടി രാജി ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ജോസഫൈനെ പദവിയിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ സമര പരിപാടികള്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുമെന്ന സാദ്ധ്യത മുന്നില്‍ കണ്ടാണ് സി.പി.എം ജോസഫൈന്റെ രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. ജോസഫൈന്‍ വിഷയത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഇന്നലെ വൈകീട്ട് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു.

മനോരമ ചാനലിന്‍റെ തത്സമയ പരിപാടിക്കിടെ പരാതി ബോധിപ്പിക്കാൻ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ പാര്‍ട്ടി വേദിയിൽ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇ.പി ജയരാജനെ പോലുള്ള മുതിര്‍ന്ന നേതാക്കളാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചതെന്നാണ് വിവരം. വിവാദവുമായി ബന്ധപ്പെട്ട് എം.സി ജോസഫൈൻ നൽകിയ വിശദീകരണങ്ങളൊന്നും സി.പി.എം മുഖവിലക്ക് എടുത്തില്ല. മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത്തരത്തിലൊരു നീക്കമുണ്ടായില്ല.

Read more

വനിതാ കമ്മീഷൻ അദ്ധ്യക്ഷ എന്ന നിലയിൽ എം.സി ജോസഫൈൻ നടത്തിയ പരാമര്‍ശം പാർട്ടിക്കും സർക്കാരിനും അവമതിപ്പ് ഉണ്ടാക്കി എന്ന് നേതാക്കൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിലപാടെടുത്തു. വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ പ്രതിപക്ഷത്തെ അനുവദിക്കരുതെന്നും കര്‍ശന നടപടി വേണമെന്നും ചില മുതിര്‍ന്ന സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് സൂചന. ഇതിൽ ന്യായീകരണമില്ലെന്ന് കണ്ടെത്തിയാണ് രാജി ചോദിച്ച് വാങ്ങാനുള്ള തീരുമാനം യോഗം കൈക്കൊണ്ടതും. കമ്മീഷന്റെ കാലാവധി തീരാന്‍ എട്ട് മാസം ബാക്കിനില്‍ക്കെയാണ് ജോസഫൈന്റെ പടിയിറക്കം. പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിക്കണമെന്നും സി.പി.എം യോഗത്തില്‍ അഭിപ്രായം ഉയർന്നിട്ടുണ്ട് .