കേരള സിലബസ് പരിഷ്കരിക്കുമെന്ന മുഖ്യമന്ത്രി വി. ഡി സതീശന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സിലബസ് കാലഹരണപ്പെട്ടുവെന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് ചോദ്യമുയർത്തിയ ശിവൻകുട്ടി മുൻ സർക്കാർ കാലത്ത് സമഗ്രമായ പരിഷ്കരണം നടപ്പിലാക്കിയതാണെന്നും വിശദീകരിച്ചു.
‘സിലബസ് പരിഷ്കരണത്തിൽ ഒരു നിർദ്ദേശം പോലും അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി. ഡി. സതീശൻ നൽകിയില്ല. കേരള സിലബസ് മോശമാണെന്നും പറഞ്ഞ് മറ്റു ചില കോഴ്സുകളെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. പൊതു വിദ്യാഭ്യാസരംഗത്തെ തകർക്കുന്നതിനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ബോധപൂർവ്വം ദേശീയ വിദ്യാഭ്യാസം നടപ്പിലാക്കാൻ മുഖ്യമന്ത്രി തന്നെ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. പി എം ശ്രീ നടപ്പിലാക്കണമെന്ന് നിലപാട് സ്വീകരിച്ചത് ലഭ്യമാകാനുള്ള പണത്തിനു വേണ്ടിയായിരുന്നു. പദ്ധതി നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പുതിയ കോൺഗ്രസ് സർക്കാരാണ്. നടപ്പിലാക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ സർക്കാർ രേഖാമൂലം അറിയിച്ചിട്ടുണ്ട് എന്നും വി. ശിവൻകുട്ടി പറഞ്ഞു.







