'ഛത്തീസ്ഗഡിൽ നിയമവും നീതിയും നടപ്പിലാക്കാൻ ഒരു സർക്കാരുണ്ട്'; ബിജെപിക്കെതിരെ ആർഎസ്എസും ഹിന്ദു ഐക്യവേദിയും, രാജീവ് ചന്ദ്രശേഖറിന് മറുപടി

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി അധ്യക്ഷനെതിരെ ആർഎസ്എസും ഹിന്ദു ഐക്യവേദിയും. വിഷയത്തിൽ കേരളത്തിലെ ബിജെപി വേവലാതിപ്പെടേണ്ടെന്നും ഛത്തീസ്ഗഡിൽ നിയമവും നീതിയും നടപ്പിലാക്കാൻ ഒരു സർക്കാരുണ്ടെന്നും ആർഎസ്എസ് മുതിർന്ന നേതാവ് കെ ഗോവിന്ദൻകുട്ടി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് കമന്റ് ആയിട്ടായിരുന്നു ഗോവിന്ദൻകുട്ടിയുടെ മറുപടി.

ഹിന്ദുക്കളെ മത മാറ്റുന്ന പ്രവർത്തനങ്ങൾ ആര് നടത്തിയാലും എതിർക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് കുറ്റാരോപിതരെ നിരപാരാധികളായി പ്രഖ്യാപിക്കാനുള്ള നീക്കം ഇരകളോടുളള അനീതിയാണെന്നുമാണ് ഹിന്ദു ഐക്യവേദിയുടെ പ്രസ്താവന. നാരായൺപൂരിൽ നിന്ന് രണ്ട് സ്ത്രീകളെ ഒരു പുരുഷനോടൊപ്പം ആഗ്രയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചത് എന്തിനാണെന്ന് ഗോവിന്ദൻകുട്ടി ചോദിക്കുന്നുണ്ട്.

നക്സൽ മേഖലയിൽ കന്യാസ്ത്രീകൾക്കുള്ള ബന്ധം അന്വേഷണവിധേയമാക്കണമെന്നും കേരളത്തിലെ ദുർഭരണത്തിനും വിലക്കയറ്റത്തിനും എതിരെ ശക്തമായ പ്രതികരണങ്ങൾ സംഘടിപ്പിക്കുകയാണ് ബിജെപി ചെയ്യേണ്ടതെന്നും ഗോവിന്ദൻകുട്ടി ആവശ്യപ്പെട്ടു. ബജ്റംഗ്ദൾ ഒരു സ്വതന്ത്ര സംഘടനയാണെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കുമെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പറഞ്ഞത്.

Read more

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സഭവം നടന്ന ദിവസം പാർട്ടിയെ ബന്ധപ്പെട്ടു. അന്നുമുതൽ അവർക്ക് നീതി ലഭിക്കാൻ ഇറങ്ങിയിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് അനൂപ് ആന്റണിയെ അയച്ചതെന്നും രാജീവ് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ആർഎസ്എസും ഹിന്ദു ഐക്യവേദിയും രംഗത്തുവന്നത്.