ആറുമാസത്തിന് ശേഷം തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുന്നു; ഉടമകളും സര്‍ക്കാരും ചര്‍ച്ച 22-ന്

സംസ്ഥാനത്ത് കോവിഡ് മൂലം അടച്ചിട്ട തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുന്നു. മള്‍ടിപ്ലക്‌സുകളടക്കം എല്ലാ തിയേറ്ററുകളും 25ന് തുറക്കും. സര്‍ക്കാര്‍ നേരത്തെ തിയേറ്റര്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും തിയേറ്റര്‍ ഉടമകള്‍ ചില ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു.

22ന് സര്‍ക്കാരും തിയേറ്റര്‍ ഉടമകളും ചര്‍ച്ച നടത്തും. നികുതി അടക്കമുള്ള കാര്യങ്ങളില്‍ ഇളവ് വേണമെന്നാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം. വിനോദനികുതിയില്‍ ഇളവ് വേണം, തിയേറ്റര്‍ അടച്ചിട്ട മാസങ്ങളിലെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കണമെന്നും, കെട്ടിട നികുതിയില്‍ ഇളവ് വേണമെന്നും തിയേറ്റര്‍ ഉടമകള്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.

ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ച നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ 25ന് തിയേറ്റര്‍ തുറക്കാമെന്നാണ് ഇന്ന് ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനമായത്. ആറു മാസമായി സംസ്ഥാനത്തെ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. പകുതിപ്പേരെ പ്രവേശിപ്പിച്ചു കൊണ്ട് ജീവനക്കാര്‍ക്ക് രണ്ടു ഡോസ് വാക്‌സിന്‍ നല്‍കിയാണ് തിയേറ്ററുകള്‍ തുറക്കുന്നത്.