യുഡിഎഫ് വേട്ടയാടുകയാണ്; കള്ളവാർത്തകൾ കൊടുത്ത് മാധ്യമങ്ങളാണ് എന്നെ നാടുകടത്തിയത്, ഒരു മാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്ന് പി.വി അൻവർ

വെസ്റ്റ് ആഫ്രിക്കയിലെ സിയറ ലിയോണിലാണ് താൻ ഉള്ളതെന്നും യു.ഡി.എഫ്​ തന്നെ നിരന്തരം വേട്ടയാടുയാണെന്നും പി.വി. അൻവർ എം.എൽ.എ.

സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ആഫ്രിക്കയിലെത്തിയതെന്നും സിയറ ലി​​യോണിൽ സ്വർണഖനനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മാസമായി താൻ ആഫ്രിക്കയിലെത്തിയതെന്നും ഒരു മാസം കൂടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നും എം.എൽ.എ വിശദീകരിച്ചു. മീഡിയ വൺ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിൽ നിന്നും മൂന്ന് മാസത്തെ ലീവ് എടുത്താണ് ബിസ്നസ് ആവശ്യങ്ങൾക്കായി ആഫ്രിക്കയിലെത്തിയതെന്നും ഞായറാഴ്ചകളിൽ അടക്കം പ്രവർത്തിക്കുന്ന എം.എൽ.എ ഓഫീസ് സജ്ജമാക്കിയാണ് താൻ നാട്ടിൽ നിന്ന് പോന്നത്.

നിരന്തരം കള്ളവാർത്ത കൊടുത്ത് എന്നെ നാടുകടത്തിയത് മാധ്യമങ്ങളാണെന്നും അൻവർ കുറ്റപ്പെടുത്തി. എന്റെ കച്ചടവങ്ങൾ എല്ലാം നിർത്തിയ സാഹചര്യത്തിലാണ് താൻ ആഫ്രിക്കയിലേക്ക് പോയത്.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആഫ്രിക്കയിലേക്ക് പോകുമെന്നും ജനങ്ങളുടെ കാര്യങ്ങൾ നോക്കാൻ സംവിധാനങ്ങൾ ഒരുക്കുമെന്നും ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ​ഗാന്ധി പാർലമെന്റ് മണ്ഡലത്തിൽ വന്ന് പോവുന്നത് പോലെയല്ല അൻവർ മണ്ഡലത്തിൽ നടത്തുന്നത്. ഇത് രണ്ടും ഒരു പോലെ കാണാൻ ആകില്ല. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നിലമ്പൂരിൽ നടന്ന വികസനങ്ങൾ നോക്കിയാൽ ഇത് മനസ്സിലാകുമെന്നും അൻവർ പറഞ്ഞു.