നാടിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയ പദ്ധതിയാണ് കിഫ്ബി എന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക്. കിഫ്ബിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു വികസന സംവിധാനം മുന്നോട്ടുവെക്കാൻ ഇന്നുവരെ യുഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്ത് കിഫ്ബി വേണ്ടെന്ന് തീരുമാനിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
60,000 കോടി രൂപയുടെ ബൃഹത്തായ വികസന പദ്ധതികളാണ് നിലവിൽ കിഫ്ബി വഴി സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ഈ പദ്ധതികൾ നിർത്തിവെക്കാൻ പാടില്ലെന്നും ആ നിർമാണം നിർത്തിവെച്ചാൽ സംസ്ഥാനത്ത് പ്രതിഷേധങ്ങളുണ്ടാകുമെന്നും തോമസ് ഐസക് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കുന്നത് സ്വാഗതാർഹമായ കാര്യമാണെന്നും എന്നാൽ സർക്കാർ പ്രഖ്യാപിക്കുന്ന സബ്‌സിഡികളുടെയും സൗജന്യങ്ങളുടെയും തുക കെഎസ്ആർടിസിക്ക് കൃത്യമായി കൈമാറാൻ സർക്കാർ തയ്യാറാകണമെന്നും തോമസ് ഐസക് പറഞ്ഞു.
Read more
ടിക്കറ്റ് ചാർജ് സർക്കാർ നൽകാതിരുന്നാൽ വണ്ടിയോടിക്കാൻ പ്രതിസന്ധിയുണ്ടാകും. നിലവിലുള്ള പൊതുഗതാഗത സംവിധാനത്തെ തകർക്കുന്ന സമീപനം ഉണ്ടാകരുത്. മികച്ച രീതിയിൽ ലാഭത്തിൽ നടന്നിരുന്ന കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ പോലും ഇത്തരം അശാസ്ത്രീയമായ നയങ്ങൾ കാരണം വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത് നമ്മൾ കണ്ടതാണെന്നും തോമസ് ഐസക് പറഞ്ഞു.







