സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ചു; കെഎസ്ആര്‍ടിസി കൂട്ടത്തോടെ നിരത്തൊഴിയാതിരിക്കാന്‍ മന്ത്രിയുടെ പൂഴിക്കടകന്‍

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം ദീര്‍ഘിപ്പിച്ചു വിഞാപനമിറക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. കോവിഡ് മഹാമാരിയുടെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വീസ് നടത്താന്‍ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 20 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി നീട്ടുന്നത്.

കോവിഡ് കാലഘട്ടത്തില്‍ സര്‍വീസ് നടത്തിയിട്ടില്ലാത്തതിനാല്‍ വാഹനങ്ങളുടെ കാലാവധി രണ്ടുവര്‍ഷം വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

എന്നാല്‍, ഇത്തരമൊരു തീരുമാനം നേരത്തെ ഉണ്ടാകുമെന്ന് പുറത്തുവന്നതോടെ നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ജനങ്ങളുടെ ജീവന്‍ വെച്ചുള്ള പന്താട്ടമാണിതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം ദീര്‍ഘിപ്പിച്ച് 22 വര്‍ഷമാക്കുന്നത് കെഎസ്ആര്‍ടിസിക്ക് വേണ്ടിയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.

കെഎസ്ആര്‍ടിസി ബസുകളില്‍ 80 ശതമാനവും കാലാവധി പൂര്‍ത്തിയായവയായിരുന്നു. ഈ ബസുകളെ സംരക്ഷിക്കാനാണ് മന്ത്രി നേരിട്ട് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.