കൊല്ലത്ത് ജോലിക്ക് എത്തിയ അധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് സമരക്കാര്‍

ദേശീയ പണിമുടക്ക് ദിവസം സ്‌കൂളില്‍ ജോലിക്കെത്തിയ അധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് സമരക്കാര്‍. കൊല്ലം ചിതറ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. 15 അധ്യാപകരെയാണ് സമരാനുകൂലികള്‍ പൂട്ടിയിട്ടത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിബു ലാലിന്റെ നേതൃത്വത്തിലായിരുന്നു അധ്യപകര്‍ക്ക് നേരെയുള്ള പ്രതിഷേധം.

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അധ്യാപകര്‍ ജോലിക്കെത്തിയത്. അധ്യാപകര്‍ക്ക് നേരെ സമരക്കാരുടെ അസഭ്യവര്‍ഷവും ഭീഷണി മുഴക്കലും ഉണ്ടായി. പുറത്തിറങ്ങുമ്പോള്‍ കാണിച്ചുതരാമെന്നാണ് ഷിബുലാല്‍ ഭീഷണിപ്പെടുത്തിയത്.

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും, പിടിഎ പ്രസിഡന്റും, ചിതറ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമാണ് ഷിബുലാല്‍. സംഭവ ത്തിന പിന്നാലെ വന്‍ പൊലീസ് സന്നാഹമാണ് സ്‌കൂളിന് മുന്നില്‍ ഉള്ളത്. പൊലീസ് എത്തിയാണ് ക്ലാസ് മുറി തുറന്ന് അധ്യാപകരെ പുറത്ത് എത്തിച്ചത്.

അതേസമയം പൊലീസ് സമരക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. സ്‌കൂളില്‍ അതിക്രമിച്ചുകയറിയതിന് സമരക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.