'പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം'; വിസ്മയ കേസ് വിധിയില്‍ എ.എ റഹീം

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത് പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് എഎ റഹീം എംപി. വിസ്മയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എത്രവേഗമാണ് നീതി നിര്‍വഹണം പൂര്‍ത്തിയാക്കിയതെന്നും ഇത് അങ്ങേയറ്റം മാതൃകാപരമാണെന്നും റഹീം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കുറിപ്പ് ഇങ്ങനെ..

വിസ്മയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എത്രവേഗമാണ് നീതി നിര്‍വഹണം പൂര്‍ത്തിയാക്കിയത്. പിണറായി സര്‍ക്കാരിന്റെ ഇശ്ചാശക്തിയുടെ വിജയമാണിത്. അങ്ങേയറ്റം മാതൃകാപരം.

സ്ത്രീധനം കേരളത്തിന് ശാപമാണ്.. വിസ്മയയുടെ ദാരുണമായ വിയോഗത്തിന് ശേഷം ആ വീട്ടിലെത്തിയപ്പോള്‍ പിതാവും സഹോദരനും പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. ‘ആര്‍ക്കും ഈ ഗതി വരരുത്..’

തീര്‍ച്ചയായും സര്‍ക്കാര്‍ നീക്കം ആ ലക്ഷ്യത്തോടെ തന്നെയായിരുന്നു. പ്രതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് അസാധാരണവും, ശക്തവുമായ നടപടി പ്രാഥമിക ഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ ആരംഭിച്ചു.

പ്രോസിക്യൂട്ടറെ നിയമിച്ചു. സമയബന്ധിതമായി കുറ്റപത്രം നല്‍കി. പഴുതടച്ച നീക്കത്തിലൂടെ അതിവേഗം, പരമാവധി ശിക്ഷ ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ മാതൃകാപരമായ ഇടപെടലാണ് നടത്തിയത്.

നിയമ നടപടികള്‍ക്ക് പുറമേ സാമൂഹിക അവബോധവും നമുക്ക് ശക്തിപ്പെടുത്തണം. സ്ത്രീധനം എന്നത് ഏറ്റവും മോശപ്പെട്ട പ്രവണതയാണെന്ന് ആവര്‍ത്തിച്ചു നമ്മള്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തണം. സ്ത്രീപക്ഷ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍..

കേസില്‍ കിരണ്‍ കുമാറിന് പത്ത് വര്‍ഷം കഠിനതടവാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത്ത് വിധിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. രണ്ടര ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.

304 (ബി) വകുപ്പ് പ്രകാരമാണ് ശിക്ഷ. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി കണ്ടെത്തി. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുണ്ടായിരുന്നത്. ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായി.

ശിക്ഷാ നിയമത്തിലെ 304 ബി വകുപ്പു പ്രകാരം 10 വര്‍ഷം തടവ്, 306 വകുപ്പ് പ്രകാരം ആറു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. 498 എ പ്രകാരം രണ്ടു വര്‍ഷം തടവും 50,000 രൂപ പിഴയും. സ്ത്രീധന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന്, ആറ് വര്‍ഷം വീതം തടവും അയ്യായിരം രൂപ പിഴയുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.