പൊലീസിന് എതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിപിടിക്കേസില്‍ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഓച്ചിറ പൊലീസ് ശ്രമിച്ചെന്നാണ് വിദ്യാര്‍ഥിയുടെ ആരോപണം. വിസമ്മതിച്ചപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ഇരുപത്തിമൂന്നിന് വിദ്യാര്‍ഥി ഉള്‍പ്പെടെ നാലുപേരെ ഒരുസംഘം ആക്രമിച്ചിരുന്നു. ഇവര്‍ക്കെതിരെ നല്‍കിയ പരാതി ഒത്തുതീര്‍ക്കാന്‍ പൊലീസ് ഇടപെട്ടുവെന്നാണ് ആരോപണം.

അതേസമയം ഓച്ചിറ പൊലീസ് ആരോപണം നിഷേധിച്ചു. വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കളവാണ്. വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞു തമ്മിലടിക്കുകയാണ് ഉണ്ടായത്. ഒരു സംഘം ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നില്ല. സംഘര്‍ഷത്തിന് പിന്നാലെ രണ്ടു കൂട്ടരും പരാതി നല്കിയിരുന്നതായും പൊലീസ് പറഞ്ഞു.