സ്പീക്കർ സന്യാസിയല്ല, പൊതുവിഷയങ്ങളിൽ നിലപാടുകൾ പറയുക തന്നെ ചെയ്യും; എം.ബി രാജേഷ്

മലബാർ സമരത്തിലെ രക്ഷസാക്ഷികളെ വെട്ടിമാറ്റുന്ന കേന്ദ്ര സർക്കാർ നടപടി ചരിത്രവിരുദ്ധമെന്നും മലബാർ സമരത്തെ കുറിച്ചുള്ള തൻറെ അഭിപ്രായത്തിൽ മാറ്റമില്ലെന്നും സ്പീക്കർ എം.ബി രാജേഷ്.

മലബാർ സമരവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകൾക്ക് എതിരെ മനഃപൂർവം വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും വിവാദം മുതലെടുപ്പുകാരെ മാത്രമേ സഹായിക്കു എന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രിട്ടീഷുകാർക്കെതിരെയും ജന്മിത്വത്തിന് എതിരായും നടന്ന സമരമാണ് മലബാർ വിപ്ലവം. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം.
‌‌
മലബാർ കലാപ പോരാളികളെ ഒഴിവാക്കിയത് ചരിത്രവിരുദ്ധമാണെന്ന് കേരളം ഒന്നടങ്കം  പറഞ്ഞു കഴിഞ്ഞു. തന്റെ പ്രസ്താവനയിൽ മനഃപൂർവ്വം വിവാദം ഉണ്ടാക്കാൻ ശ്രമമുണ്ടായെന്നും എംബി രാജേഷ് പ്രതികരിച്ചു.

ഏല്ലാവർക്കുമുള്ള പൗരസ്വാതന്ത്ര്യം സ്പീക്കർക്കുണ്ട്. സ്പീക്കർ പദവിയെന്നാൽ സന്യാസിയായിരിക്കലല്ലെന്നും സ്പീക്കർ ഒരു വിഷയത്തിലും നിലപാടില്ലാത്ത വ്യക്തിയല്ലെന്നും പൊതുവിഷയങ്ങളിൽ നിലപാട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.