സ്‌റ്റേഷനില്‍ കയറി സൈനികന്‍ എ.എസ്.ഐയുടെ തല ഇടിച്ചുപൊട്ടിച്ചു, ആക്രമണം ഇടിവള ഉപയോഗിച്ച്

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതികളെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേര്‍ന്ന് എ.എസ്.ഐയുടെ തലയ്ക്കിടിച്ച് പരുക്കേല്‍പ്പിച്ചു. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കൊറ്റക്കല്‍ സ്വദേശിയും സൈനികനുമായ വിഷ്ണു (30), സഹോദരന്‍ വിഗ്‌നേഷ് (25) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

കൈയില്‍ കിടന്നിരുന്ന ഇടിവള ഊരിയാണ് സൈനികന്‍ എ.എസ്.ഐയെ ആക്രമിച്ചത്. സംഭവത്തില്‍ എ.എസ്.ഐ. പ്രകാശ് ചന്ദ്രന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ മേവറത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരിക്കോടുള്ള ലോഡ്ജില്‍നിന്നു എം.ഡി.എം.എ.യുമായി ദമ്പതിമാരടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ക്കിടയിലായിരുന്നു ആക്രമണം. സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും പ്രതികളെ കാണണമെന്നാവശ്യപ്പെട്ടു.

ജാമ്യത്തില്‍ വിടണമെന്ന് റൈറ്റര്‍ ഡ്യൂട്ടിയിലായിരുന്ന പ്രകാശ് ചന്ദ്രനോട് ആവശ്യപ്പെട്ടു. കോടതിയില്‍ ഹാജരാക്കാന്‍ പോകുകയാണെന്നറിയിച്ചതോടെ പ്രകോപിതനായ വിഷ്ണു കൈയിലെ വളകൊണ്ട് തലയ്ക്കിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.