സ്പ്രിംക്ളറിന് ഡാറ്റാ കൈമാറാൻ കരാറുണ്ടാക്കിയ വിപ്ളവകാരികളാണ് ഇപ്പോൾ ഹരിശ്ചന്ദ്രൻമാരെ പോലെ വാചകമടിക്കുന്നത്: കെ സുരേന്ദ്രൻ

കേന്ദ്ര സംസ്ഥാന സർക്കാരുകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളികളായുള്ള കണ്ണൂർ വിമാനത്താവളത്തിന്റെ വരവുചെലവു കണക്കുകൾ സി. എ. ജി ഓഡിറ്റിനു വിധേയമാക്കണമെന്ന് പറഞ്ഞപ്പോൾ ഇത് സ്വകാര്യവിമാനത്താവളമാണെന്ന് പറഞ്ഞ് അതു നിഷേധിച്ചവരാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഹാൻഡിലിംഗ് അദാനിക്കു നൽകിയതിനെതിരെ ഇപ്പോൾ വാളെടുക്കുന്നത് എന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

സർക്കാരിനും ജനങ്ങൾക്കും ലാഭമുള്ള നിലയിലാണ് സർക്കാർ ടെൻഡർ അംഗീകരിച്ചത്. സകല കരാറുകളും ഒരു നടപടിക്രമവുമില്ലാതെ ഊരാളുങ്കലിനും പ്രൈസ് വാട്ടർ കൂപ്പർ ഹൗസിനും കെ. പി. എം. ജി ക്കും തീറെഴുതുന്ന സി. പി. എം സർക്കാർ കേന്ദ്ര സർക്കാരും അതുപോലെയാണെന്ന് സംശയിക്കുന്നതിൽ അത്ഭുതമില്ല. കയ്യിട്ടുവാരാൻ കിട്ടാത്തതിലുള്ള കൊതിക്കെറുവാണ് കേരള സർക്കാരിന്. സി. ഡിറ്റും കെൽട്രോണുമുണ്ടായിട്ടും സ്പ്രിംക്ളറിന് ഡാറ്റാ കൈമാറ്റം ചെയ്യാൻ കരാറുണ്ടാക്കിയ വിപ്ളവകാരികളാണ് ഇപ്പോൾ ഹരിശ്ചന്ദ്രൻമാരെ പോലെ വാചകമടിക്കുന്നത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസിന്റെ ചാരിത്ര്യപ്രസംഗം ആദ്യം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടാണ് പറയേണ്ടത്. ആരാണ് ഈ ഏർപ്പാട് ആദ്യം തുടങ്ങിയതെന്ന് അദ്ദേഹം പറയും. സർവ്വ കക്ഷിയോഗം വിളിക്കുന്നവർ ഇക്കാര്യത്തിൽ തിരുവനന്തപുരത്ത് ജനങ്ങൾക്കിടയിൽ ഒരു ഹിതപരിശോധനയ്ക്കു തയ്യാറുണ്ടോ എന്നാണ് ചോദിക്കാനുള്ളത്. കള്ളക്കടത്തും ഹവാലയും നിർബാധം നടത്തുന്നവരുടെ കയ്യിൽനിന്ന് തിരുവനന്തപുരത്തെയും കരിപ്പൂരിലേയും കാർഗോ ഹാൻഡിലിംഗ് ആദ്യം എടുത്തുമാറ്റുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് തങ്ങൾ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.