റെയ്ഡ് മൂന്നു മണിക്കൂര്‍ പിന്നിട്ടു; ദിലീപ് വീട്ടിലുണ്ടെന്ന് ക്രൈം ബ്രാഞ്ച് എസ്.പി

ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് നടത്തുന്ന റെയ്ഡ് മൂന്നുമണിക്കൂര്‍ പിന്നിട്ടു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസിലാണ് റെയ്ഡ്. രാവിലെ 11:30-ഓടെ ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണ സംഘം ഇപ്പോഴും റെയ്ഡ് തുടരുകയാണ്. ദിലീപിന്റെ നിര്‍മ്മാണക്കമ്പനിയിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

അതേസമയം, റെയ്ഡിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്‍ 2.20-ന് ദിലീപിന്റെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയി. റെയ്ഡ് തുടരുകയാണെന്നും അനൂപിന്റെ വീട്ടിലേക്കാണ് പോകുന്നതെന്നും ഇന്ന് ചോദ്യംചെയ്യൽ ഉണ്ടാവില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. റെയ്ഡ് നടക്കുന്നതിനിടെ ദിലീപും ആലുവയിലെ വീട്ടിലെത്തി. 2.30-ഓടെ സ്വയം വാഹനമോടിച്ചാണ് ദിലീപ് വീട്ടിലേക്ക് വന്നത്.

20 അംഗ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ പത്മസരോവരം എന്ന വീട്ടിലെത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് ഗെയ്റ്റ് ചാടി അകത്തുകടന്നു. പിന്നീട് ദിലീപിന്റെ സഹോദരി എത്തിയാണ് വീട് തുറന്നുനൽകിയത്. ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലെ പരിശോധന അല്പം വൈകിയാണ് ആരംഭിച്ചത്. പൊലീസ് സംഘം ആദ്യമെത്തിയപ്പോള്‍ ഓഫീസ് അടച്ചിട്ട നിലയിലായിരുന്നു. പിന്നീട് ജീവനക്കാരെ വിളിച്ചുവരുത്തി ഓഫീസ് തുറപ്പിച്ച ശേഷമാണ് പരിശോധന ആരംഭിച്ചത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. ഇതിന്റെ ഭാഗമായാണ് റെയ്ഡ്. വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാൽ നിർദ്ദേശിച്ചിരുന്നു.