പാര്‍ട്ടിയാണ് ക്യാപ്റ്റന്‍, കമ്യൂണിസ്റ്റുകാര്‍ക്ക് തലക്കനം ഉണ്ടാകില്ല, ഉണ്ടാകാന്‍ പാടില്ല: മുഖ്യമന്ത്രി

ക്യാപ്റ്റന്‍ വിളിയിലുള്ള സിപിഎം നേതാവ് പി ജയരാജന്‍റെ അഭിപ്രായപ്രകടനത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പി ജയരാജന്‍റെ പിന്നാലെ നിങ്ങള്‍ കൂടിയിരിക്കുകയാണ്. അതുകൊണ്ട് ഫലമൊന്നുമുണ്ടാകില്ല. എല്‍ഡിഎഫിന് കിട്ടുന്ന ജനസ്വീകാര്യതയിൽ പലർക്കും അസ്വസ്ഥത ഉണ്ടാകും. പി ജയരാജൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ച മുഖ്യമന്ത്രി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു.

യോഗത്തിന് പോകുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ പിണറായി അച്ചാച്ചാ എന്ന് വിളിക്കാറുണ്ട്. എൽഡിഎഫിനോട് ഒരു അഭിനിവേശം ജനങ്ങൾക്കിടയിൽ ഉണ്ട്. പാർട്ടി നേതാവ് എന്ന നിലയിൽ പാർട്ടിയോട് ഉള്ള സ്നേഹം ആണ് കാണിക്കുന്നത്. എന്നാൽ ഇത്‌ തന്റെ കേമത്തരം ആണെന്ന് ധരിച്ച് അഹങ്കാരം ഉണ്ടായാൽ ആണ് പ്രശ്നം. കമ്മ്യൂണിസ്റ്റുകാരന് വേണ്ട ജാഗ്രത സൂക്ഷിച്ചുപോരും. ഏതൊരാളും പാർട്ടിക്ക് വിധേയനാണ്. ജയരാജന്റെ വാക്കിൽ ഒന്നും പിശകായിട്ടില്ലെന്നും പിണറായി പറഞ്ഞു.

സ്‌നേഹ പ്രകടനങ്ങളും ആവേശ പ്രകടനങ്ങളും കാണുമ്പോള്‍ അത് തന്റെ കേമത്തരത്തിന്റെ ഭാഗമാണ് എന്ന് ധരിച്ച് തലയ്ക്ക് വല്ലാതെ കനം കൂടിയാല്‍ അതൊരു പ്രശ്‌നമായി വരും. അത് കമ്യൂണിസ്റ്റുകാര്‍ക്ക് സാധാരണ ഉണ്ടാകില്ല. ഉണ്ടാകാന്‍ പാടില്ല. അങ്ങനെയുണ്ടാകുന്നുണ്ടെങ്കില്‍ അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തിരുത്തും. അതും പാര്‍ട്ടിയുടെ ഒരു രീതി തന്നെയാണ്. സാധാരണ കമ്യൂണിസ്റ്റുകാര്‍ അത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാണ് പോകുക. ജയരാജന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞില്ല. അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. മാധ്യമങ്ങളെ വിലക്കെടുത്തിരിക്കുകയാണ്. സാധാരണഗതിയില്‍ ഇത് മാധ്യമങ്ങള്‍ക്ക് ചേര്‍ന്നതല്ല. പാര്‍ട്ടിയാണ് സുപ്രിം. പാര്‍ട്ടിക്ക് അതീതനായി എന്നൊരാള്‍ ചിന്തിക്കുമ്പോഴാണ് അയാള്‍ക്ക് അബദ്ധം പറ്റുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

അദാനിയുമായി കെഎസ്ഇബി വൈദ്യുതി വാങ്ങാൻ നേരിട്ട് കരാർ ഒപ്പുവെച്ചെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. പ്രതിപക്ഷ നേതാവ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സർക്കാർ വാങ്ങുന്ന കാറ്റാടി വൈദ്യുതിയുടെ വില ഒന്ന് നോക്കണം.കേരളത്തിന്‍റെ ഇരട്ടി വില നൽകിയാണ് രാജസ്ഥാൻ വൈദ്യുതി വാങ്ങുന്നത്. പഞ്ചാബ് സർക്കാർ അഞ്ച് രൂപക്കാണ് കാറ്റാടി വൈദ്യതി വാങ്ങുന്നത്, സോളാർ 7 രൂപ 25 പൈസക്ക്. രാജസ്ഥാൻ 5 രൂപ 2 പൈസയ്ക്കാണ് കാറ്റാടി വൈദ്യുതി വാങ്ങുന്നത്. കേരളത്തിലെ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് പഞ്ചാബിലും രാജസ്ഥാനാനിലും കരാർ റദ്ദാക്കാൻ ആവശ്യപ്പെടുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.