മഹാവ്യാധി അവസാനിച്ചിട്ടില്ല, സംസ്ഥാനത്ത് കോവിഡ് കൂടുന്നു, പരിശോധന നടത്തണം; മുന്നറിയിപ്പുമായി വിദഗ്ധര്‍

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഗുരുതരാവസ്ഥയിലുളളവരുടെ എണ്ണവും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിക്കുന്നുവെന്ന് വിദഗ്ധര്‍. പനിയുളളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. സെപ്റ്റംബറില്‍ 336 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് വൈറല്‍ പനി ബാധിച്ച് ആയിരങ്ങളാണ് ഓരോ ദിവസവും ചികില്‍സയ്‌ക്കെത്തുന്നത്. ഇന്നലെ മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത് 12443 പേരാണ്. 670 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആകെ 8452 പേര്‍ കോവിഡ് ചികില്‍സയിലുണ്ട്. സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ 336 മരണം കൂടി സ്ഥിരീകരിച്ചു. പ്രായമായവരിലും അനുബന്ധ രോഗങ്ങളുളളവരിലും സ്ഥിതി ഗുരുതരമാകുന്നതായാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

കേരളത്തിലാണ് മാസങ്ങളായി രോഗബാധിതരുടെ എണ്ണത്തില്‍ അസാധാരണ വര്‍ധനയുണ്ടായിരിക്കുന്നത്്. ഓണത്തിന് ശേഷമാണ് കേസുകളില്‍ കാര്യമായ വര്‍ധനയുണ്ടായത്. പരിശോധനകളുടെ എണ്ണം വളരെക്കുറവായതിനാല്‍ യഥാര്‍ഥ ചിത്രം പുറത്തുവരുന്നില്ല.