വ്യാവസായിക മേഖലയിലെ കേരള മോഡല്‍, മന്ത്രി പി രാജീവ് അടയാളപ്പെടുത്തുന്ന വികസന മാതൃക

കേരളത്തിന്റെ വ്യവസായ ഭൂപടത്തെ മാറ്റിമറിച്ചതിൽ നിർണായക പങ്ക് വഹിച്ചത്  വ്യവസായിക മന്ത്രി  പി രാജീവ് ആണെന്ന് നിസംശയം പറയാം. കഴിഞ്ഞ കുറച്ച് കാലത്തിനിടെ വ്യവസായ രംഗത്ത് അഭൂതപൂർവമായ വളർച്ച കേരളം കൈവരിച്ചതിന് പിന്നിൽ പി രാജീവിന്റെ പരിശ്രമങ്ങളാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ രാജ്യത്ത് തന്നെ കേരളം ഒന്നാമതെത്തിയിരിക്കുന്നതാണ് പ്രധാന നേട്ടം. ഇപ്പോൾ മിനിട്ടുകൾക്കകം കേരളത്തിൽ വ്യവസായം തുടങ്ങാനാകുമെന്ന് വൻകിട സ്ഥാപനങ്ങളുടെ മേധാവികൾ അടക്കം സമ്മതിച്ചു തരുന്നു. കേരളത്തിൻറെ വ്യവസായ വളർച്ചയെ വാനോളം പുകഴ്ത്തി കോൺഗ്രസുകാരനായ എം.പി ശശി തരൂർ വരെ രംഗത്തെത്തി.

ഡിജിറ്റൽ മേഖലയിൽ സംസ്ഥാനം വൻ കുതിപ്പിലാണ്‌. വ്യവസായം, സാങ്കേതികവിദ്യ, സുസ്ഥിര വളർച്ച എന്നിവയുടെ പ്രധാന കേന്ദ്രമായി സംസ്ഥാനം മാറുകയാണ്‌. സംസ്ഥാനത്തിന്റെ വളർച്ചയെ നയിക്കുന്ന 22 മുൻഗണനാ മേഖല കണ്ടെത്തിയിട്ടുണ്ട്. ബയോ ടെക്‌നോളജിയും ലൈഫ് സയൻസസും മുതൽ എയ്‌റോസ്‌പേസ്, പ്രതിരോധം, പുനരുപയോഗിക്കാവുന്ന ഊർജം വരെയുള്ള ഈ മേഖലകൾ ശ്രദ്ധാപൂർവം തെരഞ്ഞെടുത്തതാണ്. ഈ മേഖലകളിൽ നിക്ഷേപങ്ങളെ പിന്തുണയ്‌ക്കുന്നതിന് 18 ഇന ഉത്തേജനപാക്കേജ് നടപ്പാക്കി.

ദേശീയതലത്തിലുള്ള ഞങ്ങൾക്ക് അംഗീകാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും, അഭിനന്ദനങ്ങളും ലഭിച്ചു. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കുതിച്ചുചാട്ടമുണ്ടായി, ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി, കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത കേരള പേപ്പർ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ്(കെ പി പി എൽ) കേരളത്തിന്റെ അഭിമാനമായി മാറി, റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിന് കേരള റബ്ബർ ലിമിറ്റഡ് എന്ന പുതിയ സ്ഥാപനം ആരംഭിച്ചു, സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിച്ചു, ക്യാമ്പസ് ഇന്റസ്ട്രിയൽ പാർക്കുകൾക്ക് അംഗീകാരം ലഭിച്ചു, ഐബിഎം പോലുള്ള ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് കടന്നുവന്നു, വ്യവസായനയം 2023 കൊണ്ടുവന്നു. കേരളവും ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ സുപ്രധാനമായ സ്ഥാനത്തേക്കുയർന്നു. ഇന്ത്യയിലെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റീഫോംസ് പട്ടികയിൽ കേരളം നടത്തിയ മുന്നേറ്റം സമാനതകളില്ലാത്തതാണ്. മുൻപ് 28 ആയിരുന്നു നമ്മുടെ സ്ഥാനം. കഴിഞ്ഞ ലിസ്റ്റിൽ നാം 15ആം സ്ഥാനത്തെത്തി. ഏറ്റവും പുതിയ ലിസ്റ്റിൽ നാം വീണ്ടും ചുവടുകൾ കയറി. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ കേരളം കൈയ്യെത്തിപ്പിടിച്ചിരിക്കുന്നത് ഒന്നാം റാങ്കാണെന്ന് ഇനിയും സമ്മതിക്കാതിരിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും. ഇപ്പോൾ കൈവരിച്ച ഒന്നാം സ്ഥാനത്തോടെ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുമെന്ന എൽഡിഎഫ് സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. കേരളം വ്യവസായ സൗഹൃദമല്ലെന്ന ദീർഘകാലമായി നടന്നു വരുന്ന പ്രചരണത്തിന് ഇതോടെ അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ കാലങ്ങളിൽ കേരളത്തിൽ ആരംഭിച്ച വൻകിട വ്യവസായ സംരഭങ്ങൾ അക്കമിട്ട് പറഞ്ഞാണ് മന്ത്രി ഇക്കാര്യത്തിൽ എതിരാളികളുടെ നാവടപ്പിക്കുന്നത്…

  • 3600 കോടി വാർഷിക ടേണോവറുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒലിയൊറസിൻ മാനുഫാക്ടറിങ്ങ് കമ്പനി കേരളത്തിലാണെന്ന് അദ്ദേഹം പറയുന്നു.
  • ലോകം ഉപയോഗിക്കുന്ന ബ്ലഡ് ബാഗിൻറെ 12 ശതമാനം ഉണ്ടാക്കുന്നത് കേരളമാണ്. തെർമോ എന്ന കേരളത്തിലുള്ള കമ്പനിയാണ് ഇത് ഉൽപാദിപ്പിക്കുന്നത്.
  • ഒന്നര കോടി ഇന്ത്യക്കാർ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന കൺസ്യൂമബിൾസ് ഉൽപാദിപ്പിക്കുന്നത് എറണാകുളത്തെ കടയിരിപ്പിലുള്ള അഗാപെ എന്ന കമ്പനിയാണ്.
  • അൽഷിമേഴ്സ് പത്തുവർഷം മുമ്പ് കണ്ടെത്താൻ സഹായിക്കുന്ന പുതിയ മെഷീൻ ജപ്പാനുമായി ചേർന്ന് നിർമിക്കുന്നത് കേരളത്തിലാണ്.
  • ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തെ രണ്ടാമത്തെ കൃത്രിമ പല്ല് ഉണ്ടാക്കുന്ന കമ്പനി കേരളത്തിലാണ്.

2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണ്. സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു ബിസിനസ് തുടങ്ങാൻ മൂന്ന് ദിവസം എടുക്കുമ്പോൾ, ഇന്ത്യയിൽ ശരാശരി 114 ദിവസം എടുക്കും. കേരളത്തിൽ 236 ദിവസവും. എന്നാൽ രണ്ടാഴ്ച മുമ്പ് ‘രണ്ട് മിനിറ്റിനുള്ളിൽ’ ഒരു ബിസിനസ് തുടങ്ങാൻ കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു.

എഐ, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ, മെഷീൻ ലേണിംഗ് എന്നിവയുൾപ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനം ഒരു പുതിയ വ്യവസായ നയം നടപ്പാക്കിയിട്ടുണ്ടെന്നും ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കാൻ സാധിച്ചത് ശ്രദ്ധേയമായ നേട്ടമായി കണക്കാക്കാം. കെൽട്രോണിന്റെ നേട്ടങ്ങൾ എടുത്തുപറയേണ്ടതുണ്ട്. ചാന്ദ്രയാൻ, മംഗൾയാൻ, ഗഗൻയാൻ എന്നീ ചരിത്രദൗത്യങ്ങളിൽ ഭാഗവാക്കായതിനൊപ്പം എ ഐ ക്യാമറ പദ്ധതി കേരളത്തിൽ നടപ്പിലാക്കിയതും കെൽട്രോണാണ്. തെലങ്കാന, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 1500 കോടിയോളം രൂപയുടെ ഓർഡറുകളിലും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കെൽട്രോൺ നേടിയെടുത്തു. ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവ് കെൽട്രോൺ കൈവരിച്ചത് ഈ സാമ്പത്തിക വർഷത്തിലാണ്. ഒരു സാമ്പത്തിക വർഷത്തിൽ തന്നെ 1000 കോടി രൂപ വിറ്റുവരവെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കെൽട്രോൺ. ചരിത്രത്തിൽ തന്നെ കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം കൈവരിച്ച ഏറ്റവും മികച്ച ലാഭം കെ എം എം എൽ കൈവരിച്ചതും ശ്രദ്ധേയമാണ്. സ്വന്തമായി കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെ അയണോക്സൈഡിൽ നിന്ന് ഇരുമ്പ് വേർതിരിച്ചെടുക്കാൻ ഈ സാമ്പത്തികവർഷം കെ എം എം എലിന് സാധിച്ചു.

ഇന്ത്യയിലെ  പുത്തന്‍ വ്യാവസായിക വിപ്ലവത്തിന് പറ്റിയ മണ്ണായി മാറുകയാണ് കേരളം. ഉയർന്ന മൂല്യമുള്ള മാനവവിഭവശേഷിയും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷവും ലോകരാഷ്ട്രങ്ങളെയുൾപ്പെടെ കേരളത്തിലേക്ക് ആകർഷിക്കുകയുമാണ്. ഈ കുതിപ്പ് തുടരാൻ സാധിക്കുകയാണെങ്കിൽ വ്യാവസായിക മേഖലയിലും ഒരു കേരള മാതൃക വളരെ പെട്ടെന്നുതന്നെ സൃഷ്ടിക്കപ്പെടും.

Read more

സ്വകാര്യ സംരംഭകര്‍ക്കായി ഏകജാലക സംവിധാനവും പരാതി പരിഹാര അദാലത്തും തുടങ്ങിയെന്നതും വ്യവസായ മന്ത്രി എന്ന നിലയില്‍ പി രാജീവിന്റെ ദീര്‍ഘവീക്ഷണമാണ്. സംരംഭകര്‍ക്ക് ബുദ്ധിമുട്ടുള്ള എല്ലാ നിയമങ്ങളും കാലഘട്ടത്തില്‍ അനുസരിച്ച് പരിഷ്‌കരിച്ചു. 2025 ഫെബ്രവരിയില്‍ കൊച്ചിയില്‍ ഇന്‍വസ്റ്റ്‌കേരള സമ്മിറ്റ് സംഘടിപ്പിച്ചു ഒരു ലക്ഷം കോടി യുടെ നിക്ഷേപം ഉറപ്പാക്കി. വ്യവസായിക മന്ത്രി എന്ന നിലയില്‍ പി രാജീവ് കൊണ്ടുവന്ന മാറ്റം കേരളത്തിന്റെ വ്യാവസായിക രംഗത്തുണ്ടാക്കിയ മാറ്റം ചെറുതല്ല. അത് ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന നിക്ഷേപ സൗഹൃദാന്തരീക്ഷമാണ്. കേരള മോഡല്‍ എന്ന് അടയാളപ്പെടുത്താനാകുന്ന കാലത്തേയ്ക്കാണ് പി രാജീവിന്റെ ഭരണമികവ് എത്തുന്നത്.