നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും ജാമ്യമില്ല

നീറ്റ് പരീക്ഷയ്ക്കായി എത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റ ലംഘനമാണ് നടന്നത് എന്ന് കോടതി നിരീക്ഷിച്ചു. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

പരീക്ഷാ നടത്തിപ്പിന്റെ ഭാഗമായി എത്തിയ ജോസ്ന, ജോബി, ബീന, ഗീതു, കോളജിലെ ക്ലീനിങ് ജീവനക്കാരായ എസ് മറിയം, കെ മറിയം എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെയും പെണ്‍കുട്ടി നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പെണ്‍കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ സൗകര്യം ഒരുക്കിയത് ക്ലീനിങ് ജീവനക്കാരാണെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു

അതിനിടെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും. പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഉള്‍പ്പടെയുള്ളവരെ ചോദ്യംചെയ്തു വരികയാണ്. കോളജില്‍ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സൂപ്രണ്ട് വിശദീകരണം നല്‍കിയിരുന്നു. സാധാരണക്കാരായ ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് ഒതുക്കുകയാണെന്നും ആരോപണമുണ്ട്. മാര്‍ത്തോമ കോളജിലേക്ക് ഇന്നും വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധമുണ്ട്. ജില്ലയില്‍ ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസബന്ദാണ്.