ഉദ്ഘാടനം സംഘടിപ്പിച്ചത് സി.പി.എം അല്ല; വി.ടി ബല്‍റാമിനെ ക്ഷണിക്കാത്തതിൽ പ്രതികരണവുമായി എം.ബി രാജേഷ്

വി.ടി ബല്‍റാമിന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച തൃത്താല പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിന് മുന്‍ എം.എല്‍.എ വി.ടി ബല്‍റാമിനെ ക്ഷണിക്കാത്തതില്‍ പ്രതികരണവുമായി എം.ബി രാജേഷ്. താന്‍ ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും പരിപാടി സംഘടിപ്പിച്ചത് പൊലീസ് വകുപ്പാണെന്നും തൃത്താല എം.എൽ.എ എം.ബി രാജേഷ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും പരിപാടി സംഘടിപ്പിച്ചതില്‍ സി.പി.എമ്മിന് പങ്കില്ലെന്നും എം.ബി രാജേഷ് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടി നടന്നതെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

എം.ബി രാജേഷ് തൃത്താല എം.എല്‍.എ ആയ ശേഷം മണ്ഡലത്തില്‍ ആദ്യമായി നടത്തുന്ന സര്‍ക്കാര്‍ പരിപാടി ഇത്തരത്തില്‍ നടത്തുന്നത് യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാത്ത അല്‍പ്പത്തരമാണെന്ന് യു.ഡി.എഫ് വിമർശനം ഉന്നയിച്ചിരുന്നു.

പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുകയ്ക്ക് പുറമേ എം.എല്‍.എ ഫണ്ട് കൂടി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. വി ടി ബല്‍റാം 2011 ല്‍ എം.എല്‍.എ ആയ ശേഷമാണ് പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം വകുപ്പിന് പതിച്ച് നല്‍കിയത്. തുടർന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ച 73.5 ലക്ഷം രൂപക്കൊപ്പം എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 28.5 ലക്ഷം രൂപ കൂടി ഉപയോഗിച്ച് ആകെ 1 കോടി 02 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.

തന്നെ ക്ഷണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സി.പി.ഐ (എം) ആണെന്നും സംസ്‌കാരവും രാഷ്ട്രീയ മര്യാദയും സ്വീകരിക്കേണ്ടത് അവരാണെന്നുമായിരുന്നു ഇക്കാര്യത്തിൽ വി.ടി ബല്‍റാമിന്റെ പ്രതികരണം.

“സംസ്‌കാരവും രാഷ്ട്രീയ മര്യാദയും സ്വീകരിക്കേണ്ടത് അവരാണ്. എന്നെ അറിയിച്ചില്ല. അങ്ങനെ അറിയിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടാവില്ല. അത് അവരല്ലേ തീരുമാനിക്കേണ്ടത്. മാന്യതയുടെ രാഷ്ട്രീയം പറഞ്ഞ് നടക്കുന്ന ആളുകള്‍. വിളിക്കാതെ പോകുന്നില്ല. ഫോണില്‍ പോലും സന്ദേശം ഇല്ല. അറിഞ്ഞാലല്ലേ അടുത്ത നീക്കത്തെ കുറിച്ച ആലോചക്കേണ്ടതുള്ളൂ.” എന്നും വി.ടി ബല്‍റാം പറഞ്ഞു.