മണ്‍സൂണ്‍ ദുര്‍ബലമാകാന്‍ കാരണം എതിര്‍ച്ചുഴലി, മഴ പിന്നീട് പലഘട്ടങ്ങളിലായി ലഭിക്കാം

സംസ്ഥാനത്ത് മണ്‍സൂണ്‍ ദുര്‍ബലമാകാന്‍ കാരണം വടക്കേ ഇന്ത്യയില്‍ രൂപപ്പെട്ട എതിര്‍ച്ചുഴലികളാണെന്ന് വിലയിരുത്തല്‍. മണ്‍സൂണ്‍ ദുര്‍ബലമായാലും അതില്‍നിന്ന് കിട്ടേണ്ട മഴ പിന്നീട് പലഘട്ടങ്ങളിലായി ലഭിച്ചേക്കുമെന്ന് കൊച്ചി സര്‍വകലാശാല റഡാര്‍ കേന്ദ്രത്തിലെ ഡോ. എം.ജി. മനോജ് പറഞ്ഞു.

ചക്രവാതച്ചുഴികള്‍ എതിര്‍ഘടികാര ദിശയിലാണെങ്കില്‍ എതിര്‍ച്ചുഴലി ഘടികാരദിശയിലാണ് കറങ്ങുന്നത്. ഇവ മേഘങ്ങളുടെ രൂപവത്കരണം തടസ്സപ്പെടുത്തും. ഒപ്പം മണ്‍സൂണ്‍ കാറ്റിന്റെ ദിശ തെറ്റിക്കുകയും പുറത്തേക്ക് തള്ളിമാറ്റുകയും ചെയ്യും.

കേരളത്തിന്റെ തൊട്ടുചേര്‍ന്നുള്ള ഭാഗത്തുവെച്ച് മണ്‍സൂണ്‍കാറ്റ് രണ്ടായി പിരിഞ്ഞുപോകുന്ന പ്രതിഭാസവും ഉണ്ട്. മണിക്കൂറില്‍ ശരാശരി 30-40 കിലോമീറ്റര്‍ വേഗത്തില്‍ ഈ കാറ്റ് അടിച്ചാലേ ശക്തമായ മഴ കിട്ടൂ. നിലവില്‍ കേരളത്തിന്റെ അന്തരീക്ഷത്തില്‍ മണ്‍സൂണ്‍കാറ്റിന്റെ വേഗം മണിക്കൂറില്‍ 20 കിലോമീറ്ററാണ്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെയും പസഫിക്കിലെയും ചില പ്രതിഭാസങ്ങള്‍ കാരണം സ്വതേ ദുര്‍ബലനിലയിലാണ് മണ്‍സൂണ്‍കാറ്റ്. എന്നാല്‍ ഇതില്‍ മാറ്റങ്ങള്‍ പ്രകടമാണെന്നും മഴ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍.