സ്ത്രീധനത്തിനെതിരായ മകൾക്കൊപ്പം കാമ്പയ്ന്റെ ഭാഗമായി കന്റോൺമെന്റ് ഹൌസിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഹെൽപ് ഡെസ്ക് ആരംഭിക്കുന്നു.
ഇന്ന് രാവിലെ കന്റോൺമെന്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹെൽപ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം ചെയ്യും. ഗായിക അപർണ രാജീവും ചടങ്ങിൽ പങ്കെടുക്കും. പരാതിക്കാർക്ക് ടോൾ ഫ്രീ നമ്പർ ഉപയോഗിച്ച് ഹെൽപ് ഡെസ്കിലേക്കു വിളിക്കാനുള്ള സംവിധാനമാണ് തുടങ്ങുക.
പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
സ്ത്രീധനത്തിന്റെ പേരിൽ നമ്മുടെ പെൺകുട്ടികൾക്ക് എതിരെയുള്ള അക്രമങ്ങൾ തുടർക്കഥയായപ്പോളാണ് അതിനെതിരെ ‘മകൾക്കൊപ്പം’ എന്ന കാമ്പയിൻ ആരംഭിച്ചത്. വെറുമൊരു പ്രചാരണ മുദ്രാവാക്യം മാത്രമാവേണ്ടതല്ല അത്, സമൂലമായ മാറ്റത്തിന് ചാലകശക്തിയാവണം. ഇന്നത്തെ വ്യവസ്ഥിതിയുടെ പോരായ്മയും, കുടുംബ ബന്ധങ്ങളുടെ സമ്മർദ്ദവും, നിയമസംവിധാനങ്ങളുടെ സങ്കീർണതയുമെല്ലാം അവരെ തളർത്തുന്ന സാഹചര്യത്തിൽ അവർക്ക് താങ്ങായി മാറിയെങ്കിൽ മാത്രമേ നമ്മുടെ പെൺകുട്ടികൾക്ക് അക്രമത്തിനെതിരെ പോരാടാൻ കഴിയു. നേരത്തെ പ്രഖ്യാപിച്ചത് പോലെ കന്റോൺമെന്റ് ഹൌസിൽ ഇതിനായി ഹെൽപ്‌ഡെസ്‌ക് ആരംഭിക്കുകയാണ്. ബഹുമാന്യനായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാളെ ഹെൽപ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം നിർവഹിക്കും. എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.







