ചാന്‍സലറെ മാറ്റാനുള്ള ബില്‍; നിയമോപദേശം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ചാന്‍സലര്‍ ബില്ലില്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ നിയമോപദേശം തേടി. ജനുവരി മൂന്നിന് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും നിയമോപദേശം ലഭിക്കും. ഇത് പ്രാരംഭഘട്ടത്തിലുള്ള നിയമോപദേശമാണ്. തുടര്‍ന്ന് സുപ്രീം കോടതിയിലെ അടക്കം മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തും.

14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. ബില്ല് രാജ്ഭവനില്‍ തടഞ്ഞുവയ്ക്കാന്‍ പാടില്ലെന്ന നിലപാടാണ് ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തിനും.

ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുകയായിരിക്കും ഗവര്‍ണര്‍ക്ക് മുന്നിലുള്ള മറ്റൊരു മാര്‍ഗം. ഇങ്ങനെ വന്നാല്‍ ബില്ലിന്മേല്‍ തീരുമാനമുണ്ടാകുന്നത് അനന്തമായി നീളും.

ബില്‍ തിരിച്ചയക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനോ അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കാനോ ആകും ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. കഴിഞ്ഞ സമ്മേളനം പാസാക്കിയ വിസി നിയമന സെര്‍ച്ച് കമ്മിറ്റിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലില്‍ ഇതുവരെ രാജ്ഭവന്‍ തീരുമാനമെടുത്തിട്ടില്ല.